കുട്ടനാട്: തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന കുട്ടനാട് നിയമസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ചർച്ചകൾ സജീവം. എൽഡിഎഫിനുവേണ്ടി എൻസിപി തന്നെയായിരിക്കും കുട്ടനാട് സീറ്റിൽ മത്സരിക്കുക. മുന്നണിക്കുള്ളിൽ ഇക്കാര്യത്തിൽ ധാരണയായി.

ഇടതു മുന്നണി യോഗത്തിനു ശേഷം നടന്ന ഉഭയകക്ഷി ചർച്ചയിലാണ് കുട്ടനാട് സീറ്റ് എൻസിപിക്കു തന്നെ എന്ന ഉറപ്പ് മുന്നണി നേതൃത്വം നൽകിയത്. വൈകാതെ സ്ഥാനാർഥിയെ തീരുമാനിച്ച് പ്രചാരണ പരിപാടികളിലേക്ക് നീങ്ങാനും നിർദേശം നൽകി.

സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള ചർച്ചകൾ എൻസിപിയിൽ ആരംഭിച്ചിട്ടുണ്ട്. തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ്.കെ.തോമസ് എൻസിപി സ്ഥാനാർഥിയാകുമെന്നാണ് സൂചന. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല.

Read Also: ഇതുവരെ പറയാതിരുന്നത് ബിഷപ്പിനെ പേടിച്ച്; ഫ്രാങ്കോയ്‌ക്കെതിരെ കന്യാസ്ത്രീയുടെ ആരോപണം

തോമസ് ചാണ്ടിയുടെ അനുജന്‍ തോമസ് കെ.തോമസിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് മേരി ചാണ്ടി (തോമസ് ചാണ്ടിയുടെ ഭാര്യ) നേരത്തെ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. തനിക്കോ മക്കള്‍ക്കോ സ്ഥാനാര്‍ഥിയാകാന്‍ താല്‍പര്യമില്ലെന്നും കത്തില്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എന്‍സിപി സംസ്ഥാന നേതൃത്വം എന്നിവര്‍ക്കാണ് മേരി ചാണ്ടി നേരത്തെ കത്ത് നല്‍കിയത്.

അർബുദ ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുമ്പോഴായിരുന്നു തോമസ് ചാണ്ടി മരിച്ചത്. പിണറായി മന്ത്രിസഭയില്‍ അംഗമായിരുന്നു തോമസ് ചാണ്ടി. ഗതാഗതമന്ത്രിയായാണ് പിണറായി മന്ത്രിസഭയിൽ പ്രവർത്തിച്ചത്. കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയ തോമസ് ചാണ്ടി 2006 മുതൽ മൂന്ന് തവണയണ് കുട്ടനാട്ടിൽ നിന്ന് എംഎൽഎയായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.