പാലക്കാട്: തൃശൂർ-പാലക്കാട് പാതയിലെ കുതിരാൻ തുരങ്കം ഓഗസ്റ്റിൽ തുറക്കാൻ കഴിയുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. നിർമാണം വിലയിരുത്താൻ ഉദ്യോഗസ്ഥരുമായി കുതിരാനിൽ സന്ദർശനം നടത്തിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
“നിലവിലെ സാഹചര്യത്തിൽ തടസങ്ങളില്ലാതെ നിർമാണം മുന്നോട്ടുപോകുന്നു.
കൂടുതൽ തൊഴിലാളികൾ നിർമാണത്തിനായി എത്തിയിട്ടുണ്ട്. 24 മണിക്കൂറും നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്,” മന്ത്രി പറഞ്ഞു.
Read More: ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പ്: അനുപാതം പുനക്രമീകരിക്കാൻ മന്ത്രിസഭാ തീരുമാനം
ദിവസങ്ങളോളം അതിശക്തമായ മഴ തുടർന്നാൽ മാത്രമേ നിർമാണത്തെ പ്രതികൂലമായി ബാധിക്കുകയുള്ളൂ. കൂട്ടായ ശ്രമമാണ് നടക്കുന്നത്. കൃത്യമായ ഇടവേളകളിൽ പുരോഗതി വിലയിരുത്തുന്നുണ്ട്. ഇടത് തുരങ്കം തുറക്കാനുള്ള അവസാനഘട്ട പ്രവൃത്തികളാണ് നടന്നുവരുന്നത്.
നിർദ്ദേശാനുസരണമുള്ള പ്രവർത്തനങ്ങൾ ഏറെക്കുറെ പൂർത്തിയായി. കെ.എസ്.ഇ.ബി, ഫയർ ആൻഡ് സേഫ്റ്റി വിഭാഗത്തിന്റെ പ്രവർത്തനങ്ങളും പൂർത്തിയായി വരുന്നു. നിലവിലെ നിർമാണം തൃപ്തികരമായി മുന്നോട്ടുനീങ്ങുന്നതായും മന്ത്രി പറഞ്ഞു.
കുതിരാൻ സന്ദർശനത്തിന് ശേഷം രാമനിലയത്തിൽ മന്ത്രിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുമായി പ്രത്യേക അവലോകന യോഗവും ചേർന്നു. നിലവിലെ പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥർ വിശദീകരിച്ചു. തുരങ്കത്തിനുള്ളിൽ ഫയർ ആൻഡ് സേഫ്റ്റിയുടെ ട്രയൽ റൺ വെള്ളിയാഴ്ച നടത്താനാണ് തീരുമാനം.