/indian-express-malayalam/media/media_files/uploads/2020/01/Kuthiran-aaa.jpg)
ഫയൽ ചിത്രം
കൊച്ചി: കുതിരാനിലെ ഒരു ടണൽ മാർച്ച് അവസാനം തുറക്കാമെന്ന് നിർമാണ കമ്പനി ഹൈക്കോടതിയിൽ. യുദ്ധകാലാടിസ്ഥാനത്തിൽ പണി പുരോഗമിക്കുകയാണെന്നും പരിശോധന നടത്തിയെന്നും തകരാർ ഒന്നുമില്ലെന്നും ദേശീയ പാതാ അതോറിറ്റി അറിയിച്ചു. ഒരു ടണൽ തുറക്കണമെന്നാവശ്യപ്പെട്ട് ചിഫ് വിപ്പ് കെ.രാജൻ എംഎൽഎ സമർപ്പിച്ച ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
പ്രോജക്ട് ഡയറക്ടറുടെ അനുമതി വേണമെന്നും വിദഗ്ധ സമിതി പരിശോധിക്കേണ്ടതുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി. സത്യവാങ്മൂലം സമർപ്പിക്കാൻ അതോറിറ്റി കൂടുതൽ സമയം തേടി. കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി.
സാമ്പത്തിക പ്രശ്‌നം കാരണമാണ് പണി നീളുന്നതെന്നും പണിമുടങ്ങിയിട്ടില്ലെന്നും ദേശീയപാതാ അതോറിറ്റി അറിയിച്ചിരുന്നു. സാമ്പത്തിക സ്രോതസ് ഇപ്പോഴാണോ കണ്ടെത്തുന്നതെന്ന് കോടതി ആരാഞ്ഞു. ഒരു ടണൽ തുറക്കാൻ മൂന്നു മാസം കൂടി വേണമെന്നും മാർച്ച് അവസാനത്തോടെ പണി തീർക്കാനാവുമെന്നും നിർമാണ കമ്പനി അറിയിച്ചു.
ദേശീയപാത അതോറിറ്റിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. പൊതുജനം ബുദ്ധിമുട്ടുകയാണെന്നു പറഞ്ഞ കോടതി നിർമാണം പൂർത്തിയാക്കാൻ പദ്ധതിയുണ്ടോയെന്നും ചോദിച്ചിരുന്നു. നിർമാണം നിലച്ച നിലയിലാണെന്നും കരാർ കമ്പനിയുമായി തർക്കങ്ങൾ നിലവിലുണ്ടെന്നും ദേശീയപാത അതോറിറ്റി കോടതിയെ അറിയിക്കുകയായിരുന്നു. രാഷ്ട്രീയ പാർട്ടികൾ നടത്തിയ സമരങ്ങളും പണി വൈകാൻ കാരണമായെന്ന് ദേശീയപാത അതോറിറ്റി കോടതിയിൽ പറഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.