കൊച്ചി: കുതിരാൻ ടണൽ നിർമാണത്തിൽ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം. നാഷണൽ ഹൈവേ നിയോഗിച്ച ഡോക്ടർ ശിവകുമാർ ബാബു അധ്യക്ഷനായ കമ്മിറ്റി പത്ത് ദിവസത്തിനകം റിപ്പോർട്ട് നൽകണം. ശിവകുമാർ ബാബുവിനെ കോടതി സ്വമേധയാ കക്ഷി ചേർത്തു.
ഒരു ടണൽ ഉടൻ പൂർത്തിയാക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് സർക്കാർ ചീഫ് വിപ്പ് കെ.രാജൻ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. പത്ത് ദിവസം കൂടുമ്പോൾ കേസ് പരിഗണിക്കും. സാമ്പത്തിക പ്രശ്നം കാരണമാണ് പണി നീളുന്നതെന്നും പണിമുടങ്ങിയിട്ടില്ലെന്നും ദേശീയപാതാ അതോറ്റി അറിയിച്ചു. സാമ്പത്തിക സ്രോതസ് ഇപ്പോഴാണോ കണ്ടെത്തുന്നതെന്ന് കോടതി ആരാഞ്ഞു.
Read Also: ‘ചർമത്തിൽ തൊട്ടില്ലെങ്കിൽ ലൈംഗികാതിക്രമമല്ല’; വിവാദ ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ
ഒരു ടണൽ തുറക്കാൻ മൂന്നു മാസം കൂടി വേണമെന്നും മാർച്ച് അവസാനത്തോടെ പണി തീർക്കാനാവുമെന്നും നിർമാണ കമ്പനി അറിയിച്ചു. കേസ് ഫെബ്രുവരി രണ്ടിലേക്ക് മാറ്റി.
ദേശീയപാത അതോറിറ്റിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. പൊതുജനം ബുദ്ധിമുട്ടുകയാണെന്നു പറഞ്ഞ കോടതി നിർമാണം പൂർത്തിയാക്കാൻ പദ്ധതിയുണ്ടോയെന്നും ചോദിച്ചിരുന്നു. നിർമാണം നിലച്ച നിലയിലാണെന്നും കരാർ കമ്പനിയുമായി തർക്കങ്ങൾ നിലവിലുണ്ടെന്നും ദേശീയപാത അതോറിറ്റി കോടതിയെ അറിയിക്കുകയായിരുന്നു. രാഷ്ട്രീയ പാർട്ടികൾ നടത്തിയ സമരങ്ങളും പണി വൈകാൻ കാരണമായെന്ന് ദേശീയപാത അതോറിറ്റി കോടതിയിൽ പറഞ്ഞിരുന്നു.