തൃശൂര്‍: കുതിരാനിലെ രണ്ടാം തുരങ്കം ഗതാഗതത്തിനായി തുറന്ന് കൊടുത്തു. ഉച്ചയ്ക്ക് ശേഷമാണ് തുരങ്കം തുറന്ന് കൊടുത്തത്. തൃശൂരില്‍ നിന്ന് പാലാക്കാടേയ്ക്കുള്ള വാഹനങ്ങളാകും തുരങ്കം വഴി കടത്തി വിടുന്നത്. ഏപ്രില്‍ മുതല്‍ തുരങ്കം പൂര്‍ണമായും തുറന്ന് നല്‍കുമെന്നും പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസ് അറിയിച്ചു.
“രണ്ടാം ടണല്‍ തുറക്കുന്നത് സംബന്ധിച്ച് പൊതുമരാമത്തിന്റെ നേതൃത്വത്തില്‍ വിവിധ യോഗങ്ങള്‍ ചേര്‍ന്നിരുന്നു. മന്ത്രിമാരുള്‍പ്പെടെ ചേര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ടണല്‍ തുറക്കുന്നത് സംബന്ധിച്ച് നാഷണല്‍ ഹൈവെ അതോറിറ്റി ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കുകയായിരുന്നു. ഗതാഗത കുരുക്ക് ഒഴിവാക്കാനായാണ് രണ്ടാമത്തെ തുരങ്കം തുറക്കുന്നത്,” മുഹമ്മദ് റിയാസ് പറഞ്ഞു.
ടോള്‍ പിരിവ് സംബന്ധിച്ചുള്ള ആരോപണങ്ങള്‍ക്കും മന്ത്രി മറുപടി പറഞ്ഞു. “ഇപ്പോള്‍ ടോള്‍ പിരിവ് ആരംഭിക്കും എന്നുള്ള വാര്‍ത്തകള്‍ അംഗീകരിക്കാനാകുന്നതല്ല. കരാര്‍ പ്രകാരം പ്രവര്‍ത്തി എത്ര ശതമാനം പൂര്‍ത്തികരിച്ചോ അതിന് ശേഷം ടോള്‍ പിരിവ് നടത്തുക എന്നതാണ്. വെളിച്ചക്കുറവ് പോലെ പല പ്രശ്നങ്ങളും നിലനില്‍ക്കുന്നുണ്ട്. അത് പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും,” മന്ത്രി കൂട്ടിച്ചേര്‍ത്തു.
“ഇനിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കും. ഈ വര്‍ഷം ഏപ്രിലില്‍ തന്നെ കുതിരാന്‍ തുരങ്കം പൂര്‍ണമായും ഗതാഗത യോഗ്യമാക്കാന്‍ കഴിയും,” മന്ത്രി അറിയിച്ചു. അതേസമയം, സര്‍ക്കാരിനെ അറിയിക്കാതെ തുരങ്കത്തിന്റെ കുറച്ച് ഭാഗം മാത്രം തുറന്ന് കൊടുക്കാമെന്ന നാഷണല്‍ ഹൈവെ അതോറിറ്റിയുടെ തീരുമാനത്തെ റവന്യൂ മന്ത്രി കെ. രാജന് വിമര്‍ശിച്ചു.
Also Read: പട്ടയം റദ്ദാക്കിയത് അഴിമതിക്ക് വഴിയൊരുക്കും; തീരുമാനം പുനഃപരിശോധിക്കണമെന്ന് രവീന്ദ്രന്