കൊച്ചി: ഫോർട്ടുകൊച്ചിയിൽ നിന്ന് മൂന്നാറിലേക്ക് പോകാൻ മൂന്ന് വണ്ടി മാറിക്കയറണമായിരുന്നു ഇതുവരെ. മനോഹരമായ പ്രകൃതിഭംഗിയിലൂടെ സഞ്ചാരികളെ മയക്കുന്ന ഈ രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളും ഒരു കണ്ണിയാൽ കോർക്കപ്പെടുകയാണ്.
കേരള അർബൻ റോഡ് ട്രാൻസ്പോർട് കോർപ്പറേഷൻ (കെ.യു.ആർ.ടി.സി) തങ്ങളുടെ എ.സി. ലോ ഫ്ലോർ ബസ് സർവ്വീസ് ഫോർട്ട്കൊച്ചിയിൽ നിന്നും മൂന്നാറിലേക്ക് ആരംഭിച്ചു. ഫോർട്ടുകൊച്ചിയിലെത്തുന്ന സഞ്ചാരികൾക്ക് ഇതോടെ മൂന്നാറിലേക്കുള്ള യാത്രാക്ലേശത്തിൽ കുറവു വരും. കൂടുതൽ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സഞ്ചാരികളുടെ ഇഷ്ട വാഹനമായി മാറാനുള്ള ഒരുക്കത്തിലാണ് കെ.യു.ആർ.ടി.സി.
ഫോർട്ടുകൊച്ചിയിൽ നിന്ന് തുടങ്ങി മൂന്നാറിലേക്ക് ഉള്ള ഈ 148 കിലോമീറ്റർ ദൂരം എ.സി. വാഹനത്തിൽ സുഖമായി യാത്ര ചെയ്യുന്നതിന് ആകെയാവുക 273 രൂപയാണ്. രാവിലെ 7.30 ന് യാത്ര പുറപ്പെട്ട് അഞ്ചര മണിക്കൂർ കൊണ്ട് ബസ് മൂന്നാറിലെത്തും.
റോഡ് മാർഗ്ഗം നേരിട്ട് ഇതാദ്യമായാണ് ഫോർട്ടുകൊച്ചിയിൽ നിന്ന് ബസ് സർവ്വീസ് മൂന്നാറിലേക്ക് ആരംഭിക്കുന്നത്. രാവിലെ ഏഴ് മണിക്ക് തേവരയിലെ കെ.യു.ആർ.ടി.സി. സ്റ്റാന്റിൽ നിന്ന് പുറപ്പെടുന്ന ബസ്, 7.20 ന് ഫോർട്ടുകൊച്ചിയിലെത്തും. അവിടെ നിന്ന് 7.30 ന് യാത്ര പുറപ്പെട്ടാൽ 8 ന് വൈറ്റിലയിലും 8.50 ന് ആലുവയിലും 9.20 ന് പെരുന്പാവൂരിലുമെത്തും. കോതമംഗലത്ത് 9.55 നും നേര്യമംഗലത്ത് 10.30 നും അടിമാലിയിൽ 11.55 നുമാണ് ബസിന്റെ സമയം. പിന്നീട് ഉച്ചയ്ക്ക് ഒരു മണിക്ക് മൂന്നാറിലെത്തും.
വൈകിട്ട് നാലിന് മൂന്നാറിൽ നിന്ന് പുറപ്പെടുന്ന ബസിന് അടിമാലി (5.05), നേര്യമംഗലം (6.30), കോതമംഗലം (7.10), പെരുന്പാവൂർ (7.40), ആലുവ (8.10), എറണാകുളം (9.05), ഫോർട്ട്കൊച്ചി (9.30) എന്നിങ്ങനെയാണ് യാത്ര സമയം.
ഫോർട്ടുകൊച്ചിയിലെത്തുന്ന സഞ്ചാരികളിൽ നല്ല ശതമാനം യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഇടമാണ് മൂന്നാർ. ഇത് കണക്കിലെടുത്താണ് പുതിയ സർവ്വീസ് ആരംഭിച്ചിരിക്കുന്നത്. ഫോർട്ടുകൊച്ചിയിലെത്തുന്ന യാത്രക്കാരെ സമീപ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമമാണ് കെ.യു.ആർ.ടി.സിയുടേത്. ഫോർട്ട്കൊച്ചിയിൽ നിന്നും ചേർത്തല, തണ്ണീർമുക്കം ബണ്ട്, കവണാറ്റിൻകര (കുമരകം പക്ഷി സങ്കേതം), കോട്ടയം വരെ പോകുന്ന എ.സി ലോ ഫ്ലോർ ബസിനായുള്ള അപേക്ഷ ഹോം സ്റ്റേ ഉടമകൾ ഉന്നയിച്ചിട്ടുണ്ട്.
കോവളത്തേക്കും അതിരപ്പള്ളിയിലേക്കും ഫോർട്ടുകൊച്ചിയിൽ നിന്ന് ബസ് സർവ്വീസ് തുടങ്ങാനുള്ള ആലോചനയുണ്ട്. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന തരത്തിൽ ഫോർട്ട്കൊച്ചിയിലേക്ക് എ.സി./നോൺ എ.സി ബസ് സർവ്വീസുകൾ ഉടൻ തന്നെ ആരംഭിക്കും.
യാത്രക്കാർക്ക് ബസ് ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യാം. രണ്ടു ദിവസത്തിനുള്ളിൽ ഈ സേവനം ലഭ്യമാകും. ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഇമെയിലിൽ ലഭിക്കുന്ന അലർടിൽ അതത് ദിവസങ്ങളിലെ ബസ് കണ്ടക്ടർമാരുടെ മൊബൈൽ നന്പറും ഉണ്ടായിരിക്കും. യാത്രക്കാർ ആവശ്യപ്പെടുന്ന ഏത് സ്ഥലത്തും ബസ് നിർത്തി സഞ്ചാരികൾക്ക് കാഴ്ച കാണാൻ സമയം അനുവദിക്കുമെന്ന് കെ.യു.ആർ.ടി.സി. അധികൃതർ അറിയിച്ചു.