മൂന്നാര്‍: കുറിഞ്ഞി ഉദ്യാനത്തില്‍ കുടിയേറ്റക്കാര്‍ക്ക് ആശങ്ക വേണ്ടെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍. നിയമാനുസൃതമായ രേഖകളുള്ളവരെ കുടിയൊഴിപ്പിക്കില്ല. അര്‍ഹരെ കണ്ടെത്താന്‍ പരിശോധന ആവശ്യമാണ്. പരിശോധനകളുമായി നാട്ടുകാര്‍ സഹകരിക്കണം. ഉദ്യാനസംരക്ഷണവും ജനങ്ങളുടെ ആശങ്ക അകറ്റലുമാണ് സന്ദര്‍ശന ലക്ഷ്യമെന്നും റവന്യൂ മന്ത്രി അറിയിച്ചു.

കൊട്ടാക്കമ്പൂരും വട്ടവടയും സന്ദര്‍ശിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തര്‍ക്കം നിലനില്‍ക്കുന്ന കുറിഞ്ഞി ഉദ്യാനം സന്ദര്‍ശിക്കാന്‍ പുറപ്പെടും മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ, വനം മന്ത്രി കെ.രാജു, വൈദ്യുതി മന്ത്രി എം.എം.മണി എന്നിവരാണ് സന്ദർശനം നടത്തുന്നത്.

പ്രദേശത്തെ വിഷയങ്ങളെക്കുറിച്ച് പഠിക്കാനും സ്ഥലത്തിന്‍റെ പ്രത്യേകത മനസിലാക്കാനും ധാരണയുണ്ടാക്കാനുമാണ് മന്ത്രിതല സംഘം ഇവിടെ സന്ദർശനം നടത്തുന്നതെന്നും ഇത് സംബന്ധിച്ച് കൃത്യമായ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് നൽകുമെന്നും പറഞ്ഞ മന്ത്രി വിഷയത്തിൽ സർക്കാർ ഉചിതമായ തീരുമാനമെടുക്കുമെന്നും കൂട്ടിച്ചേർത്തു. പ്രാദേശിക ജനപ്രതിനിധികളുടെ അഭിപ്രായവും പരിഗണിക്കുമെന്നും ഇവരുമായി ചൊവ്വാഴ്ച ചർച്ച നടത്തുമെന്നും ചന്ദ്രശേഖരൻ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ