തിരുവനന്തപുരം: ഇടുക്കിയിലെ കുറിഞ്ഞിമല സങ്കേതത്തിന്‍റെ വിസ്തൃതി കുറഞ്ഞത് 3200 ഹെക്ടറായിരിക്കണമെന്ന് മന്ത്രിസഭ തീരുമാനിച്ചു. സങ്കേതത്തിനകത്ത് വരുന്ന പട്ടയപ്രശ്നങ്ങള്‍ പരിഹരിക്കാനും നിയമപരമായി വിസ്തൃതി നിജപ്പെടുത്താനും ഐഎഎസ് ഉദ്യോഗസ്ഥനെ സെറ്റില്‍മെന്‍റ് ഓഫീസറായി നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു. 2006 ലാണ് നീലക്കുറിഞ്ഞി സങ്കേതം പ്രഖ്യാപിച്ചത്.

കുറിഞ്ഞിമല സങ്കേത പ്രദേശത്ത് അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാന്‍റിസ് എന്നിവ നട്ടുവളര്‍ത്തുന്നത് നിരോധിക്കാന്‍ കേരള പ്രൊമോഷന്‍ ഓഫ് ട്രീ ഗ്രോത്ത് ഇന്‍ നോണ്‍ ഫോറസ്റ്റ് ഏരിയാസ് ആക്ട് ഭേദഗതി ചെയ്യും. റവന്യൂ ഭൂമിയില്‍ വനം വകുപ്പ് നേരിട്ട് മരം നട്ടുപിടിപ്പിക്കുന്നതിന് കമ്പനികള്‍ക്കും ഏജന്‍സികള്‍ക്കും പാട്ടം നല്‍കുന്ന രീതി അവസാനിപ്പിക്കും.

സങ്കേതത്തില്‍ വരുന്ന വനഭൂമിയും പട്ടയഭൂമിയും ഡ്രോണ്‍ അധിഷ്ഠിത സര്‍വെ സാങ്കേതികവിദ്യ ഉപയോഗിച്ച് തിട്ടപ്പെടുത്തുന്ന നടപടി ജൂണിന് മുമ്പ് പൂര്‍ത്തിയാക്കും. അങ്ങനെ തിട്ടപ്പെടുത്തുന്ന ഭൂമി വനം വകുപ്പ് ജണ്ടയിട്ട് തിരിക്കും.

വട്ടവട, കൊട്ടക്കാമ്പൂര്‍, കാന്തല്ലൂര്‍, മറയൂര്‍, കീഴാന്തൂര്‍ വില്ലേജുകള്‍ ഉള്‍പ്പെടുന്ന അഞ്ചുനാട് പ്രദേശങ്ങളിലെ മുഴുവന്‍ അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാന്‍റിസ് മരങ്ങളും ആറുമാസത്തിനകം പിഴുതു മാറ്റുന്നതിന് കലക്ടര്‍ പദ്ധതി തയ്യാറാക്കും. പട്ടയഭൂമിയില്‍ നില്‍ക്കുന്ന അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാന്‍റിസ് മരങ്ങള്‍ ഉടമ തന്നെ ആറുമാസത്തിനകം പിഴുതുമാറ്റണം. ഉടമ അതിനു തയ്യാറാവാതിരുന്നാല്‍ ഇത്തരം മരങ്ങള്‍ മാറ്റുന്നതിന് ജില്ലാ കലക്ടറെ അധികാരപ്പെടുത്താന്‍ തീരുമാനിച്ചു.

2006-ല്‍ വി.എസ്.അച്യുതാനന്ദൻ മന്ത്രിസഭയിൽ വനംമന്ത്രിയായിരുന്ന ബിനോയ് വിശ്വമാണ് മൂന്നാറിലെ വട്ടവടയില്‍ കുറിഞ്ഞി സങ്കേതം പ്രഖ്യാപിച്ചത്. 3200 ഹെക്ടര്‍ വിസ്തൃതിയില്‍ കൊട്ടക്കമ്പൂര്‍ വില്ലേജിലെ 58-ാം ബ്ലോക്കിലും ദേവികുളം വില്ലേജിലെ 62-ാം ബ്ലോക്കിലുമായാണ് നീലക്കുറിഞ്ഞി സങ്കേതം വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ നീലക്കുറിഞ്ഞി സങ്കേതം പ്രഖ്യാപിച്ചു 12 വര്‍ഷം ആകുമ്പോഴും നീലക്കുറിഞ്ഞി സങ്കേതത്തിന്റെ അതിര്‍ത്തിയുമായി ബന്ധപ്പെട്ട സെറ്റില്‍മെന്റുകള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് സാധിച്ചിരുന്നില്ല.

പിണറായി വിജയന്റെ നേതൃത്വത്തിലുളള സർക്കാർ അധികാരത്തിലേറിയ കുറിഞ്ഞി സങ്കേതത്തിന്റെ വിസ്തൃതി രണ്ടായിരം ഏക്കറായി കുറയ്ക്കാൻ ആലോചിക്കുന്നുതായി വാർത്ത വന്നിരുന്നു. ഇത് വിവാദമായി. എന്നാൽ​ റവന്യൂ മന്ത്രി അത് നിഷേധിച്ചിരുന്നു.

ഇതിന് ഏതാനും മാസം മുമ്പാണ് കൊട്ടക്കമ്പൂരിലെ നിര്‍ദിഷ്ട കുറിഞ്ഞി സങ്കേതം യാഥാര്‍ഥ്യമാകാത്തതിന് പിന്നില്‍ നിക്ഷിപ്ത താല്‍പര്യക്കാരായ കൈയേറ്റക്കാരാണെന്നു ദേവികുളം സബ് കലക്ടറുടെ സത്യവാങ്മൂലം നൽകിയത്. മൂന്നാറുമായി ബന്ധപ്പെട്ട കേസില്‍ നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണലില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് വട്ടവടയ്ക്കു സമീപം കൊട്ടക്കാമ്പൂരില്‍ പ്രഖ്യാപിച്ച കുറിഞ്ഞിമല ദേശീയോദ്യാനത്തിന് തടസം നില്‍ക്കുന്നതു കൈയേറ്റക്കാരാണെന്നു വ്യക്തമാക്കിയിരിക്കുന്നത്. ഓഗസ്റ്റ് 23-ന് നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണലില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കൈയ്യേറ്റക്കാര്‍ കുറിഞ്ഞി സങ്കേതത്തിത്തിനു വെല്ലുവിളി ഉയര്‍ത്തുന്നുവെന്നു വ്യക്തമാക്കിയത്.

വീണ്ടുമൊരു നീലക്കുറിക്കാലം ഈ​ വർഷം പൂവിടാനൊരുങ്ങുമ്പോഴാണ് പന്ത്രണ്ട് വർഷം മുമ്പ് നടത്തിയ സർക്കാർ പ്രഖ്യാപനം വീണ്ടും നടപ്പാക്കാൻ ഒരുങ്ങുന്നത്.

Read More: വിവാദങ്ങൾ പൂത്ത് നിൽക്കുന്ന നീലക്കുറിഞ്ഞി സങ്കേതം

“കുറിഞ്ഞിക്കാല”മെടുത്തെങ്കിലും കുറിഞ്ഞിസങ്കേത സ്വപ്നം പൂവിടുമോ?

നീലക്കുറിഞ്ഞി കാണാന്‍ പോകാം, ചെലവ് വെറും 3890 രൂപ മാത്രം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ