മൂന്നാർ: നീലക്കുറിഞ്ഞി ഉദ്യാനത്തിന്‍റെ അതിർത്തി പുനർനിർണയിക്കുന്നതിന്‍റെ ഭാഗമായി, ബന്ധപ്പെട്ട മന്ത്രിമാർ ഇന്ന് മൂന്നാർ സന്ദർശിക്കും. റവന്യൂ, വനം വകുപ്പ് മന്ത്രിമാർക്ക് പുറമേ സ്ഥലത്തെ മന്ത്രിയെന്ന നിലയിൽ എം.എം.മണിയും പ്രദേശം സന്ദർശിക്കും.

നിർദിഷ്ട കുറിഞ്ഞി ഉദ്യാനത്തിന്റെ സെറ്റിൽമെന്റ് ഓഫിസർ കൂടിയായ ദേവികുളം സബ് കലക്ടർ വി.ആർ.പ്രേംകുമാർ, മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ആർ.ലക്ഷ്മി എന്നിവരും ഇവർക്കൊപ്പമുണ്ടാകും. രാവിലെ 11നു മൂന്നാറിൽനിന്നു വട്ടവടയിലേക്കു പുറപ്പെടുന്ന മന്ത്രിമാർ, നിർദിഷ്ട കുറിഞ്ഞി ഉദ്യാന പ്രദേശങ്ങൾ സന്ദർശിച്ചശേഷം മൂന്നാറിലേക്കു മടങ്ങും. നാളെ 11നു മൂന്നാർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ജനപ്രതിനിധികളുടെ യോഗം ചേരും.

അതേസമയം, കൈയ്യേറ്റം ഏറെയുള്ള കൊട്ടക്കമ്പൂർ ബ്ലോക്ക് 58 സന്ദർശിക്കാതിരിക്കാൻ മന്ത്രിസഭാ സമിതിക്ക് മേൽ രാഷ്ട്രീയ സമ്മർദ്ദമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ബ്ലോക്ക് 58, 62 എന്നിവിടങ്ങളിലാണ് നിർദ്ദിഷ്ട കുറിഞ്ഞി ഉദ്യാനം. രാവിലെ ചേരുന്ന യോഗത്തിലായിരിക്കും എവിടെയൊക്കെ സന്ദർശനം വേണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക.

ദേവികുളം താലൂക്കിലെ 3200 ഏക്കർ സ്ഥലത്തു കുറിഞ്ഞി ഉദ്യാനം സ്ഥാപിക്കുന്നതിന് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. യോഗത്തിൽ, ഉദ്യാനത്തിന്റെ അതിർത്തി പുനർനിർണയിക്കണമെന്നു റവന്യു അഡിഷനൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രിയുടെ ഓഫിസ് പത്രക്കുറിപ്പും ഇറക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.