കുന്ദമംഗലം: ആലത്തൂര്‍ എംപി രമ്യ ഹരിദാസ് രാജിവച്ച കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എല്‍ഡിഎഫ് പിടിച്ചെടുത്തു. ഇന്ന് നടന്ന തിരഞ്ഞെടുപ്പിലാണ് സിപിഎം അംഗം പി.സുനിതയെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. ഇതോടെ ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫില്‍നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് അംഗങ്ങള്‍ ബഹിഷ്‌കരിച്ച തിരഞ്ഞെടുപ്പിൽ ഏകപക്ഷീയമായാണ് പ്രസിഡന്റിനെ തിരഞ്ഞെടുത്തത്.

Read Also: പതിനൊന്നു പേരുടെ ദുരൂഹ മരണം; ‘പ്രേതഭവന’ത്തിലേക്ക് പുതിയ താമസക്കാരന്‍

രമ്യ ഹരിദാസ്‌ രാജിവച്ച ഒഴിവിലേക്ക്‌ പൂവാട്ടുപറമ്പിൽ ഡിവിഷനിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ സ്ഥാനാർഥി നസീബ റായ്‌ വിജയിച്ചിരുന്നു. ഇതോടെ ഭരണം യുഡിഎഫ്‌ നിലനിർത്തി. പിന്നീട്‌ പ്രസിഡന്റായ കോൺഗ്രസിലെ വിജി മുപ്രമ്മൽ എൽഡിഎഫ്‌ കൊണ്ടുവന്ന അവിശ്വാസം നടക്കാനിരിക്കെ ഒരുമാസം മുൻപ് രാജിവച്ചു.

എൽജെഡി അംഗമായ വൈസ് പ്രസിഡന്റ് ശിവദാസൻ നായർ എൽഡിഎഫിന്റെ ഭാഗമായതോടെയാണ്‌  അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. ഇതോടെ 19 അംഗ ഭരണസമിതിയിൽ എൽഡിഎഫിന് പത്തും യുഡിഎഫിന് ഒൻപതും അംഗങ്ങളായിരുന്നു. തുടർന്നാണ്‌ തിരഞ്ഞെടുപ്പ് നടന്നത്.

Read Also: പൗരത്വഭേദഗതിയെ അനുകൂലിച്ച് പ്രസംഗം; ഗവര്‍ണര്‍ക്കെതിരെ ചരിത്രകോണ്‍ഗ്രസില്‍ പ്രതിഷേധം

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരിക്കെയാണ് രമ്യ ഹരിദാസ് ആലത്തൂരിൽ നിന്ന് ജനവിധി തേടിയത്. തിരഞ്ഞെടുപ്പ് ഫലം വരും മുൻപേ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രമ്യ രാജിവച്ചു. ആലത്തൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി പി.കെ.ബിജുവിനെയാണ് രമ്യ തോൽപ്പിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.