ദുബായ്: മുത്തലാഖ് ബില്ല് വിവാദത്തില്‍ വിശദീകരണം നല്‍കിയെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. വോട്ടെടുപ്പ് നടക്കുമ്പോള്‍ ലോകസഭയിലെത്താന്‍ കഴിയാത്തതില്‍ ഖേദമുണ്ടെന്നും പ്രായോഗികമായ ബുദ്ധിമുട്ട് കൊണ്ടാണ് പങ്കെടുക്കാതിരുന്നതെന്നും നേതൃത്വത്തെ അറിയിച്ചതായി കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പാര്‍ട്ടി മുഖപത്രമായ ചന്ദ്രികയുമായി ബന്ധപ്പെട്ട നിര്‍ണായക യോഗമുണ്ടായിരുന്നു. അതിനാലാണ് പാര്‍ലമെന്റില്‍ പങ്കെടുക്കാതെ കേരളത്തില്‍ എത്തിയതെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. മുത്തലാഖില്‍ വോട്ടെടുപ്പ് നടക്കുമെന്ന് അറിയില്ലായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുത്തലാഖ് ചര്‍ച്ചക്ക് പങ്കെടുക്കാതെ കല്യാണത്തിന് പോയ സംഭവത്തില്‍ പികെ കുഞ്ഞാലിക്കുട്ടിയോട് മുസ്ലിം ലീഗ് വിശദീകരണം തേടിയിരുന്നു. മുത്തലാഖ് ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്നതില്‍ കാരണം വിശദമാക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. പാണക്കാട് ഹൈദരാലി തങ്ങളാണ് വിശദീകരണം തേടിയത്.

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലിലെ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ പി.കെ.കുഞ്ഞാലിക്കുട്ടി എം.പി വിട്ടുനിന്നതില്‍ പ്രതിഷേധം ശക്തമാവുകയാണ്. മുത്തലാഖ് വിഷയത്തില്‍ നടക്കുന്നത് തത്പരകക്ഷികളുടെ കുപ്രചാരാണമാണെന്ന് കുഞ്ഞാലിക്കുട്ടി ഇന്നലെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിപരമായും വിദേശപരമായും അത്യാവശ്യങ്ങള്‍ ഉള്ളത് കൊണ്ടാണ് പാര്‍ലമെന്റില്‍ ഹാജരാകാന്‍ കഴിയാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വോട്ടെടുപ്പ് സമയത്ത് സഭയില്‍ പങ്കെടുക്കാതെ പ്രവാസി മലയാളിയുടെ മകളുടെ വിവാഹത്തിന് പോയത് പാര്‍ട്ടിക്കുള്ളിലും പുതിയ വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് വിശദീകരണവുമായി കുഞ്ഞാലിക്കുട്ടി ഇന്നലെ രംഗത്തെത്തിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ