കൊച്ചി: കുണ്ടറ പീഡനക്കേസില്‍ പ്രതി മുത്തച്ഛനെന്ന് പൊലീസ്. മുത്തച്ഛന്‍ പെണ്‍കുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കിതയായി പൊലീസ് വ്യക്തമാക്കി. അന്വേഷണത്തില്‍ നിര്‍ണായകമായത് അമ്മയുടെ മൊഴിയാണ്. പെണ്‍കുട്ടിയെ മുത്തച്ഛന്‍ പീഡിപ്പിച്ചതായി അമ്മ മൊഴി നല്‍കിയിരുന്നു. കൊല്ലത്തെ ഒരു അഭിഭാഷകന്റെ ഗുമസ്തനായിരുന്നു ഇയാള്‍.
പ്രതിയുടെ അറസ്റ്റ് ഇന്ന് പൊലീസ് രേഖപ്പെടുത്തി. പെണ്‍കുട്ടിയുടെ സഹോദരിയും മുത്തശ്ശിയും ഇയാള്‍ക്കെതിരെ മൊഴി നല്‍കിയിട്ടുണ്ട്.

പെൺകുട്ടിയെ ഇയാൾ ബലമായി ആത്മഹത്യാ കുറിപ്പ് എഴുതിച്ചതാണോയെന്നും പിന്നീട് കൊലപ്പെടുത്തിയതാണോയെന്നും സംശയങ്ങളുണ്ട്. ഇക്കാര്യത്തിൽ ഏറെ വൈകാതെ വിവരങ്ങൾ പുറത്തുവരുമെന്നാണ് അന്വേഷണ സംഘത്തിൽ നിന്ന് ലഭിക്കുന്ന വിവരം.

ആത്മഹത്യക്കുറിപ്പിലെ കൈപ്പട കുട്ടിയുടേത് തന്നെയെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിരുന്നു. എഴുത്തിലെ ലിപി കണ്ട് അന്വേഷണ സംഘത്തിന് ഇത് മറ്റാരോ എഴുതിയതാണെന്ന സംശയം ഉണ്ടായിരുന്നു. മറ്റാരെങ്കിലും കുട്ടിയെ ബലമായി എഴുതിച്ചതാണോയെന്നും പൊലീസിന് സംശയം ഉണ്ടായിരുന്നു. ഫൊറൻസിക് പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആദ്യത്തെ സംശയം പൊലീസ് തള്ളി.​

പഴയ ലിപിയിൽ എഴുതിക്കൊടുത്തത് കുട്ടി പകർത്തി എഴുതിയതാണോ എന്ന സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. ആത്മഹത്യാ കുറിപ്പിലുളളത് പെൺകുട്ടിയുടെ കൈപ്പടയല്ലെന്ന് മാതാപിതാക്കൾ പറഞ്ഞിരുന്നു.

കഴിഞ്ഞ ജനുവരി പതിനഞ്ചിനായിരുന്നു പെണ്‍കുട്ടിയെ വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. മൃതദേഹത്തിന്റെ കാലുകള്‍ തറയില്‍ മുട്ടി നില്‍ക്കുന്ന തരത്തിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇത് മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണത്തിന് ഇടയാക്കിയിരുന്നു.

അതേസമയം, പത്ത് വയസുകാരി നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് പോസ്റ്റ്മാർട്ടം ചെയ്ത ഡോക്ടർ മൊഴി നൽകിയിരുന്നു. മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് വരെ പെൺകുട്ടി പീഡനത്തിന് ഇരയായിരുന്നു എന്നാണ് ഡോക്ടറുടെ മൊഴി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർ കെ.വത്സലയാണ് മൊഴി നൽകിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ