കൊല്ലം: കുണ്ടറയിൽ പത്തു വയസുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ചതിൽ അമ്മയെയും മുത്തച്ഛനെയും നുണ പരിശോധനയ്‌ക്ക് വിധേയമാക്കും. കസ്റ്റഡിയിലുളള അമ്മയെയും മുത്തച്ഛനെയുമടക്കം നാലു പേരുടെ നുണ പരിശോധനയ്‌ക്കായി പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. ചോദ്യം ചെയ്യലിൽ കൃത്യമായ വിവരങ്ങൾ ലഭ്യമല്ലാത്തതിനാലാണ് പൊലീസ് നുണ പരിശോധനയിലേക്ക് കടക്കുന്നത്.

ഒൻപത് പേരാണ് കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുളളത്. പരസ്പരവിരുദ്ധമായ മൊഴികൾ ലഭിച്ചതിനാലാണ് നുണ പരിശോധനയിലേക്ക് കടക്കുന്നത്.

കഴിഞ്ഞ ജനുവരി പതിനഞ്ചിനായിരുന്നു പെണ്‍കുട്ടിയെ വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. മൃതദേഹത്തിന്റെ കാലുകള്‍ തറയില്‍ മുട്ടി നില്‍ക്കുന്ന തരത്തിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇത് മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണത്തിന് ഇടയാക്കിയിരുന്നു.

അതേസമയം, പത്ത് വയസുകാരി നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് പോസ്റ്റ്മാർട്ടം ചെയ്ത ഡോക്ടർ മൊഴി നൽകിയിരുന്നു. മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് വരെ പെൺകുട്ടി പീഡനത്തിന് ഇരയായിരുന്നു എന്നാണ് ഡോക്ടറുടെ മൊഴി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർ കെ.വത്സലയാണ് മൊഴി നൽകിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ