കൊല്ലം: കുണ്ടറയിൽ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട പത്ത് വയസുകാരി നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറുടെ മൊഴി. മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് വരെ പെൺകുട്ടി പീഡനത്തിന് ഇരയായിരുന്നു എന്നാണ് ഡോക്ടറുടെ മൊഴി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർ കെ.വത്സലയാണ് മൊഴി നൽകിയത്.

പ്രകൃതിവിരുദ്ധ പീഡനത്തിന് പെണ്‍കുട്ടിയെ ഇരയാക്കിയതിനു തെളിവുണ്ടെന്നും മൊഴിയിൽ പറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയായിരുന്നുവെന്നും മൃതദേഹത്തിൽ 22 മുറിവുകൾ ഉണ്ടായിരുന്നതായും ഡോക്ടർ മൊഴി നൽകി.

കേസില്‍ കുട്ടിയുടെ അമ്മയടക്കം ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ അമ്മയുടെ അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയുമാണ് കസ്റ്റഡിയില്‍ എടുത്തത്.

ആറ് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് റൂറല്‍ എസ്.പി പറഞ്ഞു. പത്ത് ടീമായി കേസ് അന്വേഷിക്കുകയാണ്. കേസിലെ നടപടികളില്‍ വീഴ്ചയുണ്ടായിരുന്നെന്നും അത് മറികടന്നെന്നും പൊലീസ് പറയുന്നു. കുട്ടിയുടെ അമ്മ അന്വേഷണവുമായി സഹകരിച്ചില്ലെന്നും ഇപ്പോള്‍ ചോദ്യം ചെയ്തപ്പോഴും അവര്‍ സഹകരിച്ചില്ലെന്നും പൊലീസ് പറഞ്ഞു.

ഇതിന് മുന്‍പ് കുട്ടിയുടെ അച്ഛന്‍ കുട്ടിയെ ഉപദ്രവിച്ചെന്ന കേസ് ഉണ്ടായിരുന്നു. അത് കെട്ടിച്ചമച്ചതാണെന്ന സംശയമുണ്ടെന്നും പൊലീസ് പറയുന്നു. ആ കേസ് കൂടി ഇതിനൊപ്പം അന്വേഷിക്കുമെന്നും റൂറല്‍ എസ്.പി വ്യക്തമാക്കി.

കുട്ടി മരണത്തിനു മുമ്പ് ലൈംഗിക പീഡനത്തിനിരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞതിനെത്തുടര്‍ന്ന് കൃത്യമായ അന്വേഷണം നടത്താതിന്റെ പേരില്‍ സി.ഐയെ ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നു.

കഴിഞ്ഞ ജനുവരി പതിനഞ്ചിനായിരുന്നു പെണ്‍കുട്ടിയെ വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. മൃതദേഹത്തിന്റെ കാലുകള്‍ തറയില്‍ മുട്ടി നില്‍ക്കുന്ന തരത്തിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇത് മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണത്തിന് കാരണമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ