കൊല്ലം: കുണ്ടറയിൽ പത്തുവയസുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് ഒൻപതുപേർ കസ്റ്റഡിയിലെന്ന് റൂറൽ എസ്‌പി എസ്.സുരേന്ദ്രൻ. പെൺകുട്ടിയുടെ അമ്മയും ബന്ധുക്കളും അയൽക്കാരുമടക്കം ഒൻപതുപേരാണ് കസ്റ്റഡിയിലുളളത്. അന്വേഷണം കാര്യക്ഷമമായി പുരോഗമിക്കുന്നു. സൈബർ സെല്ലിന്റെ പ്രത്യേക സംഘത്തിനു രൂപം നൽകിയിട്ടുണ്ട്. രണ്ടു ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ 10 ടീമുകൾ അന്വേഷിക്കുന്നുണ്ട്. പൊലീസ് ജാഗ്രതയോടെ ആദ്യം സംഭവത്തെക്കുറിച്ച് അന്വേഷിച്ചില്ലെന്നത് വീഴ്ചയാണ്. അന്വേഷണത്തിൽ കുടുംബത്തിന്റെ സഹകരണം കിട്ടുന്നില്ലെന്നും എസ്‌പി മാധ്യമങ്ങളോട് പറഞ്ഞു.

കുണ്ടറയിൽ പത്തുവയസുകാരി കൊല്ലപ്പെട്ട കേസ് കൊല്ലം റൂറൽ എസ്‌പി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചിരുന്നു. കുട്ടി ലൈംഗികപീ‍ഡനത്തിന് ഇരയായതായും പീഡനവും മരണവും വിശദമായിത്തന്നെ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, കേസ് അന്വേഷിച്ചതിൽ വീഴ്ചവരുത്തിയതായി കണ്ടെത്തിയതിനെത്തുടർന്ന് കുണ്ടറ എസ്ഐ രജീഷ് കുമാറിനെയും സസ്പെൻഡ് ചെയ്തു. കുണ്ടറ സിഐ സാബുവിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് രജീഷ് കുമാറിന്റെ സസ്പെൻഷൻ. ദക്ഷിണ മേഖലാ ഐജി മനോജ് ഏബ്രഹമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കഴിഞ്ഞ ജനുവരി 15നാണ് പത്തുവയസ്സുകാരിയെ വീട്ടിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാലുകൾ തറയിൽ മുട്ടിനിൽക്കുന്ന രീതിയിലായിരുന്നു മൃതദേഹം. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കുട്ടി നിരന്തരമായി ലൈംഗിക ചൂഷണത്തിന് ഇരയായതായി തെളിഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ