കൊല്ലം: കുണ്ടറ പീഡനക്കേസ് പ്രതിക്കെതിരെ വീണ്ടും കൊലപാതക ആരോപണം. 2010 ൽ മരിച്ച പതിനാലുകാരന്റെ അമ്മയാണ് കുണ്ടറയിൽ പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ കുട്ടിയുടെ മുത്തച്ഛൻ വിക്ടർ ഡാനിയേലിനെതിരെ (66) പരാതി നൽകിയത്. വിക്ടറും മകനും ചേർന്ന് തന്റെ മകനെ കൊലപ്പെടുത്തിയെന്നാണ് പരാതി. തന്റെ മകളെ വിക്ടറും മകനും നിരന്തരം ശല്യപ്പെടുത്തിയിരുന്നു. മകളെ പീഡിപ്പിക്കുമെന്ന് വിക്ടർ ഭീഷണി മുഴക്കി. ഇതു ചോദ്യം ചെയ്തതിനാണ് മകനെ കൊന്നത്. മകനെ വിക്ടറിന്റെ മകൻ മർദിച്ചിരുന്നുവെന്നും പരാതിയിലുണ്ട്.

വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് വിക്ടറിന്റെ അയൽവാസിയായ പതിനാലുകാരൻ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. കുട്ടിയുടെ അമ്മയും സഹോദരിയും അച്ഛനുമായി ആശുപത്രിയിലായിരുന്നു. മരണം കൊലപാതകമാണെന്ന് കുണ്ടറ പൊലീസ് സ്റ്റേഷനിൽ കുടുംബം പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് കൃത്യമായി അന്വേഷിക്കാൻ തയാറായില്ലെന്നും കുടുംബം ആരോപിക്കുന്നു. വിക്ടറിനെ ഭയന്ന് ഈ കുടുംബം ഇപ്പോൾ മാറിയാണ് താമസിക്കുന്നത്.

കുണ്ടറയിൽ പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കുട്ടിയുടെ മുത്തച്ഛൻ വിക്ടർ ഡാനിയേലിനെ കഴിഞ്ഞ ഞായറാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു വർഷമായി ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കുണ്ടറ കാഞ്ഞിരകോട്ടെ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയെ ജനുവരി പതിനഞ്ചിനാണു വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ