തിരുവനന്തപുരം: കുണ്ടറ പീഡനക്കേസിൽ ആത്മഹത്യക്കുറിപ്പിലെ കൈപ്പട കുട്ടിയുടേത് തന്നെയെന്ന് ഫോറൻസിക് പരിശോധന ഫലം. പ്രാകൃത ലിപിയിൽ എഴുതിയ ആത്മഹത്യക്കുറിപ്പ് മറ്റാരോ എഴുതിയത് എന്നായിരുന്നു സംശയം.​ എന്നാൽ കുട്ടിയുടെ നോട്ട്ബുക്കും ആത്മഹത്യക്കുറിപ്പും ഫോറൻസിക് വിദഗ്ധർ പരിശോധിച്ചതിന് ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

എന്നാൽ സംഭവത്തിൽ ദൂരൂഹതകൾ നീങ്ങുന്നില്ല . കുട്ടിയെ ആരെങ്കിലും ഇത് ബലമായി എഴുതിച്ചതാണോ എന്ന് പൊലീസിന് സംശയമുണ്ട്. പഴയ ലിപിയിൽ എഴുതിക്കൊടുത്തത് കുട്ടി പകർത്തി എഴുതിയതാണോ എന്ന സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. ആത്മഹത്യാ കുറിപ്പിലുളളത് പെൺകുട്ടിയുടെ കൈപ്പടയല്ലെന്ന് മാതാപിതാക്കൾ പറഞ്ഞിരുന്നു.

അതേ സമയം കുണ്ടറയിൽ പത്തു വയസുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ചതിൽ അമ്മയെയും മുത്തച്ഛനെയും നുണ പരിശോധനയ്‌ക്ക് വിധേയമാക്കും.ചോദ്യം ചെയ്യലിൽ കൃത്യമായ വിവരങ്ങൾ ലഭ്യമല്ലാത്തതിനാലാണ് പൊലീസ് നുണ പരിശോധനയിലേക്ക് കടക്കുന്നത്.

കഴിഞ്ഞ ജനുവരി പതിനഞ്ചിനായിരുന്നു പെണ്‍കുട്ടിയെ വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. മൃതദേഹത്തിന്റെ കാലുകള്‍ തറയില്‍ മുട്ടി നില്‍ക്കുന്ന തരത്തിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇത് മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണത്തിന് ഇടയാക്കിയിരുന്നു.

അതേസമയം, പത്ത് വയസുകാരി നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് പോസ്റ്റ്മാർട്ടം ചെയ്ത ഡോക്ടർ മൊഴി നൽകിയിരുന്നു. മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് വരെ പെൺകുട്ടി പീഡനത്തിന് ഇരയായിരുന്നു എന്നാണ് ഡോക്ടറുടെ മൊഴി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർ കെ.വത്സലയാണ് മൊഴി നൽകിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ