കൊല്ലം: കുണ്ടറയ്ക്ക് സമീപം മുഖത്തലയിൽ പതിനാലുകാരൻ കൊല്ലപ്പെട്ട സംഭവത്തില്‍ മാതാവ് ജയമോള്‍ കുറ്റം സമ്മതിച്ചതായി റിപ്പോർട്ടുകൾ. വാർത്താ ചാനലുകളാണ് ഈ വിവരം റിപ്പോർട്ട് ചെയ്യുന്നത്. കുരീപ്പളളി ജോബ് ഭവനിൽ ജോബ് ജോണിന്റെ മകൻ ജിത്തു ജോബ് എന്ന പതിനാലുകാരനാണ് കൊല്ലപ്പെട്ടത്. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിന് സമീപത്തെ പറമ്പിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച മുതൽ ജിത്തുവിനെ കാണാതായിരുന്നു. എന്നാൽ അന്വേഷണം പൂർത്തിയായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
മകനെ അടുക്കളയില്‍ വച്ച് ഷാള്‍ കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് ജയമോള്‍ മൊഴി നല്‍കിയതായാണ് വാർത്ത. തുടര്‍ന്ന് മൃതദേഹം വലിച്ചിഴച്ച് കുടുംബവീടിന്റെ പറമ്പിലെത്തിച്ച് തീ കൊളുത്തുകയായിരുന്നു. യാതൊരു ഭാവവ്യത്യാസവും കൂടാതെയാണ് ജയമോള്‍ പൊലീസിനോട് ഇക്കാര്യങ്ങൾ പറഞ്ഞത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.
കുണ്ടറ എംജിഡിഎച്ച്എസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ജിത്തു ജോബ്. തിങ്കളാഴ്ച മുതൽ കാണാതായ ജിത്തുവിന്രെ മൃതദേഹം ബുധനാഴ്ച വൈകുന്നേരമാണ് സമീപത്തെ പറമ്പിൽ കണ്ടെത്തിയത്. അമ്മയിൽ നിന്നും അച്ഛനിൽ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തി. ഫോറൻസിക് വിദഗ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.
തിങ്കളാഴ്ച രാത്രിയാണ് കുട്ടിയെ കാണാതായെന്ന് പൊലീസിൽ പരാതി നൽകിയത്. അന്നേ ദിവസം രാത്രി എട്ടരയോടെ സ്കെയില്‍ വാങ്ങാന്‍ പോയ കുട്ടി തിരികെ എത്തിയില്ലെന്നാണ് പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്.
കഴിഞ്ഞ വർഷം ഡിസംബറിൽ തിരുവനന്തപുരം പേരൂർക്കട സ്വദേശി ദീപ അശോകിന്രെ മൃതദേഹം വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. ഈ സംഭവത്തിൽ എൻജിനിയറിങ് വിദ്യാർത്ഥിയായ മകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിൽ തിരുവനന്തപുരത്തെ നന്തൻകോടിൽ അമ്മയെയും അച്ഛനെയും സഹോദരിയെയും ബന്ധുവിനെയും മകൻ കൊലപ്പെടുത്തിയ സംഭവം ഉണ്ടായിരുന്നു. 2017 ഏപ്രില്‍ ഒമ്പതിനാണ് നന്തൻകോട് ക്ലിഫ്ഹൗസിനു സമീപം ബെയിൻസ് കോമ്പൗണ്ട് 117ൽ ഡോ. ജീൻ പത്മ (58), ഭർത്താവ് റിട്ട. പ്രഫ. രാജ തങ്കം (60), മകൾ കരോലിൻ (26), ഡോ. ജീന്റെ ബന്ധു ലളിത (70) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിനുശേഷം ഒളിവിൽ പോയ മകൻ കാഡൽ ജീൻസൺ രാജയെ പൊലീസ് പിടികൂടിയിരുന്നു.