കൊല്ലം: കുണ്ടറയിൽ 14 കാരന്റെ മരണവുമായ ബന്ധപ്പെട്ട് പുനരന്വേഷണത്തിലും പൊലീസിനകത്ത് കല്ലുകടി. ഈ കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎസ്‌പി സമർപ്പിച്ച റിപ്പോർട്ടിലുള്ളത് വെറും രണ്ട് വരി മാത്രം. ഇത് എസ്.പി മടക്കിയതിന് പിന്നാലെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറാൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു.
കേസ് കൊലപാതകമാണെന്ന് അമ്മ ആരോപിച്ചിരിക്കുന്ന സാഹചര്യത്തിൽ പുനരന്വേഷണം വേണമെന്ന് മാത്രമാണ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ആറ് വർഷത്തിലധികമായി ആത്മഹത്യയെന്ന് കരുതിയ മരണം പുനരന്വേഷിക്കാനുണ്ടായ സാഹചര്യം റിപ്പോർട്ടിൽ പരാമർശിച്ചില്ല. കുണ്ടറ പീഡനക്കേസുമായി പ്രതികൾക്കുള്ള ബന്ധം, ക്രിമിനൽ പശ്ചാത്തലം, 14 കാരന്റെ അമ്മയുടെ പരാതിയിലെ വിശദാംശങ്ങൾ തുടങ്ങി യാതൊന്നും ഡിവൈഎസ്‌പി യുടെ റിപ്പോർട്ടിൽ ഉണ്ടായിരുന്നില്ല.
ഇതേ തുടർന്നാണ് കൊല്ലം റൂറൽ എസ്‌പി ഈ റിപ്പോർട്ട് മടക്കിയത്. ഈ കേസ് പുനരന്വേഷിക്കുന്നതിൽ പൊലീസിന് അകത്ത് കല്ലുകടിയുണ്ടെന്നത് ഇതോടെ വ്യക്തമായി. അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് പോകില്ലെന്ന് വന്ന സാഹചര്യത്തിലാണ് ക്രൈം ബ്രാഞ്ചിനെ ഇതിനായി ചുമതലപ്പെടുത്തുന്നത്. കേസിൽ പുനരന്വേഷണത്തിന്റെ സാഹചര്യം എന്തുകൊണ്ട് ഉണ്ടായെന്ന് വിശദമായി വ്യക്തമാക്കാൻ ഡിവൈഎസ്പി യ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
നേരത്തേ 2010 ജൂൺ പത്തിനാണ് 14 കാരനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുണ്ടറ പീഡന കേസ് പ്രതി വിക്ടർ ഡാനിയേൽ (66), ഇയാളുടെ മകനുമാണ് കേസിൽ പ്രതിസ്ഥാനത്തുള്ളത്. കുണ്ടറ പീഡന കേസിൽ ഇരുവരും പിടിയിലായപ്പോഴാണ് 14 കാരന്റെ അമ്മ, മകന്റെ മരണം കൊലപാതകമാണെന്ന ആരോപണവുമായി രംഗത്ത് വന്നത്.
എന്നാൽ നേരത്തേ കേസ് അന്വേഷിച്ച ശേഷം 14 കാരൻ ആത്മഹത്യ ചെയ്തതാണെന്ന് റിപ്പോർട്ട് എഴുതിയ സിഐ ആണ് ഇന്ന് ഡി.വൈ.എസ്.പി സ്ഥാനത്ത്് ഇരിക്കുന്നത്. ഇദ്ദേഹമാണ് ഈ കേസ് വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പോർട്ട് സമർപ്പിച്ചതും.
വിക്ടറും മകനും ചേർന്ന് തന്റെ മകനെ കൊലപ്പെടുത്തിയെന്നാണ് 14 കാരന്റെ അമ്മയുടെ പരാതി. തന്റെ മകളെ വിക്ടറും മകനും നിരന്തരം ശല്യപ്പെടുത്തിയിരുന്നു. മകളെ പീഡിപ്പിക്കുമെന്ന് വിക്ടർ ഭീഷണി മുഴക്കി. ഇതു ചോദ്യം ചെയ്തതിനാണ് മകനെ കൊന്നത്. വിക്ടറിന്റെ മകൻ മരിച്ച 14 കാരൻ മർദ്ദിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.
വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് വിക്ടറിന്റെ അയൽവാസിയായ 14 കാരനെ തൂങ്ങിമരിച്ച നിലയിൽ വീട്ടിനുള്ളിൽ കണ്ടത്. കുട്ടിയുടെ അമ്മയും സഹോദരിയും അച്ഛനുമായി ആശുപത്രിയിലായിരുന്നു. മരണം കൊലപാതകമാണെന്ന് കുണ്ടറ പൊലീസ് സ്റ്റേഷനിൽ കുടുംബം പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് കൃത്യമായി അന്വേഷിക്കാൻ തയാറായില്ലെന്നും കുടുംബം ആരോപിക്കുന്നു.
വിക്ടറിനെയും മകനെയും ഭയന്ന് ഈ കുടുംബം ഇവിടെ നിന്നും മാറിത്താമസിക്കുകയാണ്. കുണ്ടറയിൽ പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കുട്ടിയുടെ മുത്തച്ഛൻ വിക്ടർ ഡാനിയേലിനെ ദിവസങ്ങളോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. ഒരു വർഷമായി ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കുണ്ടറ കാഞ്ഞിരകോട്ടെ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയെ ജനുവരി പതിനഞ്ചിനാണു വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.