തിരുവനന്തപുരം: ബീഹാറിൽ എൻഡിഎ യുടെ ഭാഗമായി സർക്കാർ രൂപീകരിച്ച നിതീഷ് കുമാറിനെ തള്ളിയ ജെഡിയു കേരള ഘടകത്തെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബീഹാറില്‍ ബി.ജെ.പി പിന്തുണയോടെയും പങ്കാളിത്തത്തോടെയും ജനതാദള്‍ (യു) നേതാവ് നിതീഷ് കുമാറിനെ വീണ്ടും അധികാരത്തിലെത്തിച്ച രാഷ്ട്രീയധ്രൂവീകരണം ഒരു ദേശീയമാറ്റത്തിന്റെ തുടക്കമാണെന്ന് അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിന്റെ നിലപാടിനോട് മുഖം തിരിക്കുന്ന സമീപനമാണ് ജെ.ഡി.യു കേരള നേതാവ് എം.പി.വീരേന്ദ്ര കുമാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും കുമ്മനം പറഞ്ഞു.

“എന്നാല്‍ ദേശീയ നേതൃത്വത്തോടൊപ്പം നില്‍ക്കുകയും നിതീഷ് കുമാറിനെ അനുകുലിക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ ജെ.ഡി.യു കേരള ഘടകത്തിലുണ്ട്. എല്‍.ഡി.എഫിന്റേയും, യു.ഡി.എഫിന്റേയും അവഗണന മാറിമാറി അനുഭവിച്ച അത്തരം ആദര്‍ശവാന്മാരായ ജെ.ഡി.യു പ്രവര്‍ത്തകരേയും നേതാക്കളെയും ദേശീയ ജനാധിപത്യ സഖ്യത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും കുമ്മനം കൂട്ടിച്ചേര്‍ത്തു.

ജെഡിയു കേരള ഘടകം നേതാവും രാജ്യസഭ എംപിയുമായ എംപി വീരേന്ദ്രകുമാർ നിതീഷ് കുമാറിന്റെ തീരുമാനത്തിനെതിരെ രംഗത്ത് വന്നിരുന്നു. നിതീഷിന്റെ തീരുമാനം ഞെട്ടിച്ചുവെന്ന് പറഞ്ഞ വീരേന്ദ്രകുമാർ, ജെഡിയു എംപി മാരോട് നിതീഷിനെതിരെ നിലപാടെടുക്കാനും ആഹ്വാനം ചെയ്തു.

“ഞങ്ങൾ ഇത് അംഗീകരിക്കുന്ന പ്രശ്നമേയില്ല. അതിന് എന്ത് വില കൊടുക്കേണ്ടി വന്നാലും ചെയ്യില്ല. വിഷയത്തിൽ ശരത് യാദവ് നിലപാട് വ്യക്തമാക്കണം. ശരത് യാദവുമായി ഇക്കാര്യം ചർച്ച ചെയ്തു. നിതീഷിന്റെ നിലപാട് അംഗീകരിക്കില്ലെന്ന് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തോടും നിലപാട് തള്ളണമെന്നും എൻഡിഎ യുടെ ഭാഗമാകരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്,” അദ്ദേഹം ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ