തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ എട്ടുകാലി മമ്മൂഞ്ഞാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശഖരന്‍. അവകാശവാദങ്ങൾ മാത്രമാണ് പിണറായിക്ക് ഉന്നയിക്കാനുള്ളതെന്നും കുമ്മനം ആരോപിച്ചു. സംസ്ഥാന സർക്കാരിന് അവകാശപ്പെടാന്‍ ഒരു ഒരു പദ്ധതി പോലും ഇല്ലെന്നും പിണറായി സർക്കാർ നടപ്പിലാക്കിയ പദ്ധതികളെല്ലാം കേന്ദ്രപദ്ധതികളാണെന്നും കുമ്മനം പറഞ്ഞു.സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷ ദിനത്തിന്റെ പശ്ചാത്തലത്തിലാണ് കുമ്മനത്തിന്റെ വിമര്‍ശനം.

ഇതിനിടെ പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ സെക്രട്ടറിയേറ്റ് ഉപരോധം നടത്തിയ യൂത്ത് കോൺഗ്രസ്-യുവമോർച്ച പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ഇടതുപക്ഷ സർക്കാരിന്റെ ഒരു വർഷത്തെ ഭരണം പരാജയമാണെന്ന് ആരോപിച്ചാണ് പ്രവർത്തകർ ഉപരോധം നടത്തിയത്. പ്രവർത്തകർ പരസ്പരം നടത്തിയ കല്ലേറിൽ പൊലീസ് ഉദ്യോഗസ്ഥനു പരുക്കേറ്റു. പൊലീസ് പ്രവർത്തകർക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു.

ഇന്ന് രാവിലെ 9.30 ഓടെയാണ് ഇരു പാർട്ടിയിലെയും പ്രവർത്തകർ തമ്മിൽ സെക്രട്ടേറിയറ്റിനു മുന്നിൽ ഏറ്റുമുട്ടിയത്. ഇരു പാർട്ടികളിലെയും പ്രവർത്തകരെ ബാരിക്കേഡുകൾ സ്ഥാപിച്ചാണ് പൊലീസ് തടഞ്ഞുനിർത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ