/indian-express-malayalam/media/media_files/uploads/2017/06/pinarayi-e-sreedharan.jpg)
കൊച്ചി: മെട്രോയുടെ ഉദ്ഘാടനവേദിയിൽ സ്ഥാനം നൽകിയവരുടെ ലിസ്റ്റിൽനിന്നും മെട്രോമാന്‍ ഇ ശ്രീധരനേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും ഒഴിവാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. "ഡോ. ഇ ശ്രീധരൻ കൊച്ചി മെട്രോ ഉദ്ഘാടന വേദിയിലുണ്ടാകും. വേദിയിൽ ഡോ. ഇ.ശ്രീധരനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും ഉൾപ്പെടുത്താമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
"ഇ ശ്രീധരൻ, പ്രതിപക്ഷ നേതാവ്, പി.ടി.തോമസ് എം.എൽ.എ എന്നിവരെ കൂടി ഉൾപ്പെടുത്തണമെന്ന് സംസ്ഥാന സർക്കാർ അഭ്യർത്ഥിച്ചതിനെ തുടർന്നാണ് നടപടി. ഉദ്ഘാടന വേദിയിൽ പങ്കെടുത്ത് സംസാരിക്കാൻ സംസ്ഥാന സർക്കാർ നേരത്തെ നൽകിയ പട്ടികയിലും ഇ.ശ്രീധരന്റെയും പ്രതിപക്ഷ നേതാവിന്റെയും പേരുണ്ടായിരുന്നു. പേരുകൾ വെട്ടിച്ചുരുക്കിയത് പുന:പരിശോധിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് സംസ്ഥാന ഗവർമെണ്ട് കത്തയച്ചു. അതിനെത്തുടർന്നാണ് ഇന്ന് മുഖ്യന്ത്രിയുടെ ഓഫീസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിപ്പ് വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ ഓഫീസ് അന്തിമ പട്ടിക ഉണ്ടാക്കിയത് ഇന്നാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനും പറഞ്ഞു.
ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും സ്ഥലം എംഎൽഎ പി.ടി. തോമസിനെയും ആദ്യം പട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു. വേദിയിലിരിക്കാൻ 17 പേരുടെ പട്ടികയാണു സംസ്ഥാന സർക്കാർ പ്രധാനമന്ത്രിയുടെ ഓഫിസിനു നൽകിയത്.
എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കുശേഷം പ്രധാനമന്ത്രിയുടെ ഓഫിസ് തയാറാക്കിയ ലിസ്റ്റിൽ ഗവർണർ പി. സദാശിവം, കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന ഗതാഗത മന്ത്രി തോമസ് ചാണ്ടി, മേയർ സൗമിനി ജെയിൻ, കെ.വി. തോമസ് എംപി എന്നീ ആറു പേർക്കു മാത്രമാണ് പ്രധാനമന്ത്രിക്കൊപ്പം വേദിയിൽ സ്ഥാനം നൽകിയത്.
ഇതിനിടെ കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിൽ താൻ ഉണ്ടാകില്ലെന്ന് ഇ.ശ്രീധരൻ വ്യക്തമാക്കി. രണ്ടാം ഘട്ടത്തിൽ താനും ഡിഎംആർസിയും ഉണ്ടാകില്ല. രണ്ടാം ഘട്ടം പൂത്തിയാക്കാൻ കെഎംആർഎൽ പ്രാപ്തരാണ്. ഉദ്ഘാടന ചടങ്ങിൽ വിളിക്കാത്തതിൽ വിഷമമില്ല. പ്രധാനമന്ത്രിയുടെ സുരക്ഷയാണ് പ്രധാനം. മെട്രോ ഉദ്ഘാടനത്തിന് പൂർണമായും സജ്ജമായിട്ടുണ്ട്. അവസാനവട്ട മിനുക്കു പണികൾ കൂടിയുണ്ട്. അത് ഇന്നത്തോടെ പൂർത്തിയാകുമെന്നും ശ്രീധരൻ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.