തിരുവനന്തപുരം: വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരൻ ബിജെപി സ്ഥാനാർഥിയാകും. മത്സരിക്കാൻ കുമ്മനം സമ്മതം അറിയിച്ചതായി മുതിർന്ന ബിജെപി നേതാവും എംഎൽഎയുമായ ഒ.രാജഗോപലൻ പ്രഖ്യാപിച്ചു. നാളെ മുതൽ പ്രചരണ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് തീരുമാനം. നിലവിൽ സംസ്ഥാനത്തിന് പുറത്താണ് കുമ്മനം. നാളെ വട്ടിയൂർക്കാവിലെത്തുന്ന കുമ്മനം തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളിലേക്ക് കടക്കും.

അതേസമയം കുമ്മനം സ്ഥാനാർഥിയാകുന്നതിൽ പ്രതിഷേധം അറിയിച്ച് ഒരു വിഭാഗം ബിജെപി നേതാക്കൾ രംഗത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ. കുമ്മനത്തെ മത്സരിപ്പിക്കുന്നതിനായി ആർഎസ്എസ് സമ്മർദം ചെലുത്തുന്നുണ്ട്. ഔദ്യോഗിക വിഭാഗം നൽകിയ പട്ടികയിൽ കേന്ദ്ര നേതൃത്വം തിരുത്തലുകൾ വരുത്തിയേക്കുമെന്നും സൂചനയുണ്ട്.

കെ.സുരേന്ദ്രനെ കോന്നിയിലും പരിഗണിക്കുണ്ട്. വട്ടിയൂർക്കാവിലും കോന്നിയിലും സീറ്റിലും ബിജെപിക്ക് വലിയ പ്രതീക്ഷയുണ്ട്. വട്ടിയൂര്‍ക്കാവില്‍ കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ഥി രണ്ടാം സ്ഥാനത്തെത്തിയതുമാണ്. അന്ന് കുമ്മനമായിരുന്നു സ്ഥാനാര്‍ഥി. ഇത്തവണയും കുമ്മനം മത്സരിക്കണമെന്നാണ് പ്രാദേശിക നേതാക്കളും ആവശ്യപ്പെടുന്നത്. ബിഡിജെഎസ് ഇല്ലെങ്കില്‍ അരൂരില്‍ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ കെ.പി.പ്രകാശ് ബാബുവായിരിക്കും സ്ഥാനാര്‍ഥി.

കഴിഞ്ഞദിവസം നടന്ന ബിജെപി സംസ്ഥാന സമിതി യോഗത്തിലും മത്സരിക്കാൻ താൽപര്യമില്ലെന്ന് കെ.സുരേന്ദ്രൻ ആവർത്തിച്ചിരുന്നു. യോഗം അവസാനിക്കും മുൻപ് സുരേന്ദ്രൻ മടങ്ങിയതും വാർത്തയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചതിനാൽ ഇനി ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നാണ് സുരേന്ദ്രൻ പറയുന്നത്. എന്നാൽ, വിജയസാധ്യത കണക്കിലെടുത്ത് നിർബന്ധമായും സുരേന്ദ്രൻ മത്സരിക്കണമെന്ന് ബിജെപി ആവശ്യപ്പെടും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.