ഒടുവില്‍ വഴങ്ങി; പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് കുമ്മനം രാജശേഖരന്‍

ബിജെപി ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന മറ്റൊരു മണ്ഡലമായ കോന്നിയില്‍ കെ.സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയാകാനാണ് സാധ്യത

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാനുള്ള സാധ്യത തള്ളാതെ കുമ്മനം രാജശേഖരന്‍. പാര്‍ട്ടി പറഞ്ഞാല്‍ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ഥിയാകുമെന്ന് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും. പാര്‍ട്ടിയാണ് സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും ബിജെപിക്ക് വിജയസാധ്യതയുണ്ടെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.

വട്ടിയൂര്‍ക്കാവിലാണ് കുമ്മനത്തെ നേരത്തെ തന്നെ പരിഗണിച്ചിരുന്നത്. എന്നാല്‍, മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് കുമ്മനം പാര്‍ട്ടിയെ അറിയിച്ചിരുന്നു. 2016 ല്‍ വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തിലും 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തും കുമ്മനം മത്സരിച്ചിരുന്നു. എന്നാല്‍, രണ്ടിടത്തും കുമ്മനം തോല്‍ക്കുകയായിരുന്നു.

Read Also: സഭാ തര്‍ക്കം; പിറവത്ത് സുപ്രീം കോടതി വിധി നടപ്പാക്കി

അടുത്തടുത്ത് രണ്ട് തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിനാല്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കുമ്മനം താല്‍പര്യം പ്രകടിപ്പിച്ചല്ല. ഇതോടെ ആര്‍എസ്എസും ബിജെപിയും അനുനയ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ബിജെപി ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന കുമ്മനം ഇവിടെ രണ്ടാം സ്ഥാനത്തെത്തിയിരുന്നു.

വട്ടിയൂര്‍ക്കാവില്‍ കുമ്മനം മത്സരിക്കുമെന്ന് മുതിർന്ന നേതാവും നേമം എംഎൽഎയുമായ ഒ.രാജഗോപാല്‍ ഇന്നലെ അറിയിച്ചിരുന്നു. എന്നാല്‍, കുമ്മനം സമ്മതമറിയിച്ചിരുന്നില്ല. അതേസമയം കുമ്മനം സ്ഥാനാർഥിയാകുന്നതിൽ പ്രതിഷേധം അറിയിച്ച് ഒരു വിഭാഗം ബിജെപി നേതാക്കൾ രംഗത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ. കുമ്മനത്തെ മത്സരിപ്പിക്കുന്നതിനായി ആർഎസ്എസ് സമ്മർദം ചെലുത്തുന്നുണ്ട്. ഔദ്യോഗിക വിഭാഗം നൽകിയ പട്ടികയിൽ കേന്ദ്ര നേതൃത്വം തിരുത്തലുകൾ വരുത്തിയേക്കുമെന്നും സൂചനയുണ്ട്.

Read Also: Horoscope of the Week (Sept 29-Oct 6, 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

ബിജെപി ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന മറ്റൊരു മണ്ഡലമായ കോന്നിയില്‍ കെ.സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയാകാനാണ് സാധ്യത. എന്നാല്‍, കെ.സുരേന്ദ്രന്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ്. പാര്‍ട്ടിയില്‍ നിന്ന് സുരേന്ദ്രനെ അനുനയിപ്പിക്കാന്‍ നേതാക്കള്‍ ശ്രമം തുടരുകയാണ്.

കഴിഞ്ഞദിവസം നടന്ന ബിജെപി സംസ്ഥാന സമിതി യോഗത്തിലും മത്സരിക്കാൻ താൽപര്യമില്ലെന്ന് കെ.സുരേന്ദ്രൻ ആവർത്തിച്ചിരുന്നു. യോഗം അവസാനിക്കും മുൻപ് സുരേന്ദ്രൻ മടങ്ങിയതും വാർത്തയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചതിനാൽ ഇനി ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നാണ് സുരേന്ദ്രൻ പറയുന്നത്. എന്നാൽ, വിജയസാധ്യത കണക്കിലെടുത്ത് നിർബന്ധമായും സുരേന്ദ്രൻ മത്സരിക്കണമെന്ന് ബിജെപി ആവശ്യപ്പെടും.

Read Also: കുമ്മനത്തെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ഒ.രാജഗോപാൽ; എതിർപ്പുമായി ഒരു വിഭാഗം

എല്‍ഡിഎഫും യുഡിഎഫും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. ബിജെപി സ്ഥാനാര്‍ഥികളെ ഇതുവരെയും പ്രഖ്യാപിക്കാത്തത് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തിരിച്ചടിയാകുമെന്ന് പാര്‍ട്ടിയില്‍ വിലയിരുത്തലുണ്ട്. ഇന്ന് തന്നെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് സാധ്യത. അഞ്ച് സീറ്റുകളിലും ബിജെപി മത്സരിക്കും. എന്‍ഡിഎ ഘടകകകക്ഷികളാരും മത്സരരംഗത്തില്ല. ഇന്ന് വൈകീട്ടോടെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം നാളെയാണ്.

 

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kummanam rajasekharan vattiyurkkavu bjp candidate by election 2019 kerala

Next Story
സഭാ തര്‍ക്കം; പിറവത്ത് സുപ്രീം കോടതി വിധി നടപ്പാക്കിPiravom Church
The moderation of comments is automated and not cleared manually by malayalam.indianexpress.com