തിരുവനന്തപുരം: സെൻകുമാർ വിഷയത്തിൽ സുപ്രീംകോടതി വിധി ഉടൻ നടപ്പാക്കാനാവില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ടി പി സെൻകുമാറിന്‍റെ ഡിജിപി പദവി പരമാവധി വൈകിപ്പിക്കുക എന്ന ഉദ്യേശ്യം മാത്രമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

“വിധി നടപ്പാക്കുന്നതിനുപകരം അത് എങ്ങനെ മറികടക്കാം എന്നാണ് സര്‍ക്കാര്‍ നോക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന് പോലും നീതി തേടി അലയേണ്ട സാഹചര്യമാണ് കേരളത്തിലുള്ളതെന്നും കുമ്മനം പറഞ്ഞു.

”സുപ്രീംകോടതി വിധി വന്ന അന്നു മുതൽ ലോകനാഥ് ബെഹറ പൊലീസ് മേധാവി അല്ലാതെയായി. അതിനാൽ തന്നെ ഡിജിപി എന്ന നിലയിൽ അദ്ദേഹം പുറപ്പെടുവിക്കുന്ന ഉത്തരവുകൾ പാലിക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് ബാധ്യതയില്ല. കോടതിയിൽ പരാജയപ്പെട്ട അഭിഭാഷകനോട് തന്നെ അതേ കേസിന്‍റെ തുടർ നടത്തിപ്പിനെപ്പറ്റി നിയമോപദേശം തേടുന്ന ലോകത്തിലെ ആദ്യ സർക്കാരാണ് പിണറായി വിജയന്‍റേത്. മലയാളികൾക്ക് ഇത്രയും അവമതിപ്പ് ഉണ്ടാക്കിയ വേറൊരു സർക്കാരും കേരളത്തിൽ ഉണ്ടായിട്ടില്ലെന്നും കുമ്മനം വ്യക്തമാക്കി.

“കയ്യേറ്റവുമായി ബന്ധപ്പെട്ട സർവ്വകക്ഷി യോഗത്തിലേക്ക് മതമേലധ്യക്ഷൻമാരെ ക്ഷണിക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറണം. കയ്യേറ്റക്കാർക്ക് മതസ്ഥാപനങ്ങളുടെ പിൻബലം ഉണ്ടെന്ന് വരുത്തിത്തീർക്കാനുള്ള തന്ത്രമാണ് ഈ തീരുമാനത്തിന് പിന്നിൽ. കയ്യേറ്റക്കാരുമായി ബന്ധമില്ലെന്ന് മതമേലധ്യക്ഷൻമാർ തന്നെ വ്യക്തമാക്കിയിട്ടും അവരെ ഇതുമായി ബന്ധപ്പെടുത്തുന്നത് അവരുടെ പദവിയെ അവഹേളിക്കാനാണ്. അതിനാൽ മതമേലധ്യക്ഷൻമാർ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ തയ്യാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.