തിരുവനന്തപുരം: എസ്എൻസി ലാവലിൻ കേസിൽ ബിജെപി സിപിഎമ്മുമായി ഒത്തുകളിക്കുന്നുവെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണം അസംബന്ധമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കാര്യങ്ങള്‍ വ്യക്തമായി അറിയുന്ന പ്രതിപക്ഷ നേതാവ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്. കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ നടന്നത് ലാവലിൻ കേസിന്‍റെ വിചാരണയല്ല. കേസ് വേഗത്തിലാക്കണമെന്ന സ്വകാര്യ വ്യക്തിയുടെ ഹർജിയാണ് വ്യാഴാഴ്ച പരിഗണിച്ചത്. ആ കേസ് കോടതി തള്ളിക്കളയുകയും ചെയ്തു.

ലാവലിൻ കേസ് നേരത്തെ പരിഗണിച്ചപ്പോഴെല്ലാം വാദിക്കാൻ തയാറാണെന്ന് സിബിഐക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ അറിയിച്ചിട്ടുള്ളതാണ്. എന്നാൽ പിണറായി വിജയന്‍റെ അഭിഭാഷകനായ എം.കെ.ദാമോദരന്‍റെ രോഗാവസ്ഥ മൂലമാണ് കേസുകള്‍ മാറ്റി വയ്ക്കുന്നത്. ഇത് ഒരു സ്വാഭാവിക നടപടി മാത്രമാണ്. എന്നാൽ ഇതിനെ സർവകക്ഷി യോഗവുമായി കൂട്ടിക്കുഴയ്ക്കുന്നത് പാപ്പരത്തമാണ്. ലാവലിൻ കേസ് അട്ടിമറിച്ച് പിണറായി വിജയനെ രക്ഷിക്കാൻ ശ്രമിച്ചത് രമേശ് ചെന്നിത്തലയും കോൺഗ്രസുമാണ്. കേസിന്‍റെ ഗൗരവം അറിയുന്നത് കൊണ്ടാണ് മുതിർന്ന അഭിഭാഷകനായ അഡീഷണൽ സോളിസിറ്റർ ജനറലിനെ തന്നെ കേസ് വാദിക്കാൻ സിബിഐ ഏൽപ്പിച്ചത്. കേസ് പരിഗണിച്ച ഒരവസരത്തിലും സിബിഐ അസൗകര്യം അറിയിച്ചിട്ടുമില്ല. പ്രതിഭാഗം വക്കീൽ ഹാജരാകാത്തത് മാത്രമാണ് കേസിൽ വാദം നടക്കാത്തതിന്‍റെ കാരണം.

ഭരണത്തിൽ ഇരുന്നപ്പോഴെല്ലാം പിണറായിയെ രക്ഷിക്കാൻ ശ്രമം നടത്തിയതിന്‍റെ ജാള്യം മറയ്ക്കാനാണ് രമേശ് ഇപ്പോൾ ശ്രമിക്കുന്നത്. രാഷ്ട്രീയ സംഘർഷത്തെപ്പറ്റി ചർച്ച ചെയ്യാൻ തിരുവനന്തപുരത്ത് ചേർന്ന സർവകക്ഷി യോഗത്തിൽ രമേശ് ചെന്നിത്തലയും പങ്കെടുത്തതാണ്. ആ യോഗത്തിലാണ് സിപിഎം ബിജെപി നേതൃത്വങ്ങൾ ഉഭയ കക്ഷി ചർച്ച നടത്താൻ തീരുമാനിച്ചത്. അതാണ് ഇപ്പോൾ നടപ്പാക്കിയത്. എന്നാൽ സർവകക്ഷി യോഗ തീരുമാനങ്ങളെ രമേശ് ചെന്നിത്തല തുരങ്കം വയ്ക്കുകയാണ്. കേരളത്തിൽ സമാധാനം നിലനിർത്താനുള്ള ശ്രമങ്ങളെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി പിന്നിൽ നിന്ന് കുത്തരുത്. ലാവലിൻ കേസിലെ പ്രതികൾക്ക് പരമാവധി ശിക്ഷ കിട്ടണമെന്ന നിലപാടിൽ നിന്ന് ബിജെപി ഒരിഞ്ച് പിന്നോട്ട് പോകില്ലെന്നും കുമ്മനം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ