തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പരസ്യ പ്രതിഷേധത്തിനിറങ്ങിയ സിനിമാതാരങ്ങളെയും സാംസ്‌കാരിക പ്രവര്‍ത്തകർക്കുമെതിരെ ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. പ്രതിഷേധത്തിനിറങ്ങിയ സിനിമാക്കാര്‍ക്ക് രാജ്യസ്‌നേഹമില്ല. താരങ്ങളുടെ ദേശസ്‌നേഹം വെറും അഭിനയമാണെന്നും കുമ്മനം കുറ്റപ്പെടുത്തി. ബിജെപിയുടെ ജനജാഗ്രതാ സദസില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

“സാംസ്‌കാരിക നായകന്മാരും കലാകാരന്മാരും വാദിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്. നാട്ടില്‍ അഴിച്ചുവിടുന്ന പച്ചക്കള്ളം നിമിത്തം ജനങ്ങള്‍ ദുരിതവും ദുരന്തവും പേറുന്നത് നിങ്ങള്‍ കാണുന്നില്ലേ? പ്രതിഷേധത്തിനിറങ്ങിയ താരങ്ങളുടെ ദേശസ്‌നേഹം വെറും കാപട്യമാണ്, അവര്‍ക്ക് രാജ്യത്തോടുള്ള കൂറ് പോലും അഭിനയമാണ്. വസ്തുനിഷ്ഠമായി വേണം അവര്‍ കാര്യങ്ങളെ സമീപിക്കാന്‍,” കുമ്മനം പറഞ്ഞു.

Read Also: ‘മൈക്കും ജനക്കൂട്ടവും കണ്ട് ചാടിവീഴുന്ന നടിമാരുടെ ശ്രദ്ധയ്ക്ക്’; മുന്നറിയിപ്പുമായി യുവമോർച്ച നേതാവ്

പ്രതിഷേധത്തിനിറങ്ങിയ താരങ്ങൾക്കെതിരെ യുവമോർച്ച നേതാവ് നേരത്തെ ഫെയ്‌സ്‌ബുക്ക് പോസ്റ്റിട്ടിരുന്നു. യുവമോർച്ചാ സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യറാണ് വിവാദ പോസ്റ്റിട്ടത്.

മുൻപിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് രാഷ്ട്രീയ പ്രസ്താവനകൾ നടത്തുന്ന സിനിമാക്കാർ, പ്രത്യേകിച്ച് നടിമാർ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളിൽ ആദായ നികുതി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അല്ലാത്ത പക്ഷം നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാൽ ‘പൊളിറ്റിക്കൽ വെണ്ടേറ്റ’ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുതെന്നുമാണ് സന്ദീപ് വാര്യരുടെ ഭീഷണി. അതിനിടെ കുമ്മനത്തെയും ബിജെപിയെയും തള്ളി ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍ രംഗത്തുവന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.