scorecardresearch
Latest News

ബിജെപി അധ്യക്ഷ സ്ഥാനം: പാര്‍ട്ടി തീരുമാനം അംഗീകരിക്കുമെന്ന് കുമ്മനം

അധ്യക്ഷസ്ഥാനത്തിനുവേണ്ടി ചരടുവലി നടത്തില്ലെന്നും കുമ്മനം രാജശേഖരന്‍

ബിജെപി അധ്യക്ഷ സ്ഥാനം: പാര്‍ട്ടി തീരുമാനം അംഗീകരിക്കുമെന്ന് കുമ്മനം

തിരുവനന്തപുരം: ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനുവേണ്ടിയുള്ള ചര്‍ച്ചകള്‍ തുടങ്ങിയ സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കി കുമ്മനം രാജശേഖരന്‍. തന്റെ പേര് ആരെങ്കിലും പറയുന്നുണ്ടാകാം. പക്ഷേ, അധ്യക്ഷ സ്ഥാനത്തിനുവേണ്ടി ചരടുവലി നടത്തില്ലെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു.

പാര്‍ട്ടി തീരുമാനിക്കുന്നത് എന്തായാലും അംഗീകരിക്കും. വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ക്ക് സ്ഥാനമില്ല. പാര്‍ട്ടി എന്ത് തീരുമാനിക്കുന്നോ അതിനൊപ്പം നില്‍ക്കും. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പമില്ല. ശ്രീധരന്‍ പിള്ളയ്ക്ക് കിട്ടിയത് പണിയല്ല അംഗീകാരമാണെന്നും കുമ്മനം വ്യക്തമാക്കി.

പൂര്‍ണ തൃപ്തിയോടെയാണ് മിസോറാം ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുക്കുന്നതെന്ന് പി.എസ്.ശ്രീധരന്‍ പിള്ളയും പ്രതികരിച്ചു. പുതിയ തലമുറ ബിജെപിയുടെ നേതൃനിരയിലേക്ക് കടന്നുവരണമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

Read Also: കെ.സുരേന്ദ്രൻ ബിജെപി അധ്യക്ഷസ്ഥാനത്തേക്ക്? എം.ടി.രമേശിന്റെ പേരും പരിഗണനയിൽ

അതേസമയം, പുതിയ ബിജെപി അധ്യക്ഷനുവേണ്ടിയുള്ള കൂടിയാലോചനകൾ പാർട്ടിക്കുള്ളിൽ നടക്കുന്നതായാണ് റിപ്പോർട്ടുകൾ. കെ.സുരേന്ദ്രന്റെ പേരാണ് ഇപ്പോൾ ഏറ്റവും കൂടുതൽ പരിഗണനയിലുള്ളത്. പ്രധാനമായും രണ്ടുപേരുടെ പേരുകളാണ് സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ഉയർന്നുവരുന്നത്. കെ.സുരേന്ദ്രന്റെ പേരിനാണ് കൂടുതൽ മുൻതൂക്കം. കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയും സുരേന്ദ്രനാണ്. മുരളീധരൻ വിഭാഗം കെ. സുരേന്ദ്രനു വേണ്ടിയാണ് വാദിക്കുന്നത്.

കൃഷ്ണദാസ് വിഭാഗം എം.ടി.രമേശിന്റെ പേരും മുമ്പോട്ട് വയ്ക്കുന്നുണ്ട്. ആർഎസ്എസിന്റെ പിന്തുണയും എം.ടി.രമേശിനാണെന്നാണ് സൂചന. ഗ്രൂപ്പ് തർക്കം ഉടലെടുത്താൽ ആർഎസ്എസ് പിന്തുണയോടെ മുൻ അധ്യക്ഷനും മിസോറാം ഗവർണറുമായിരുന്ന കുമ്മനം രാജശേഖരനെ മടക്കിക്കൊണ്ടുവരാനുള്ള നീക്കവുമുണ്ട്.

കുമ്മനത്തിന് ശേഷം ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് കെ.സുരേന്ദ്രനെ പരിഗണിച്ചിരുന്നെങ്കിലും ആർഎസ്എസിന്റെ എതിർപ്പാണ് ശ്രീധരൻ പിള്ളയിലേക്ക് അധ്യക്ഷ പദവി എത്തിച്ചത്. എന്നാൽ ശബരിമല വിശ്വാസസംരക്ഷണത്തിലുൾപ്പടെ മുന്നിൽ നിന്ന സുരേന്ദ്രനോട് ആർഎസ്എസിന്റെ എതിർപ്പ് കുറഞ്ഞിട്ടുണ്ട്.

Read Also: പി.എസ്.ശ്രീധരൻ പിള്ള മിസോറാം ഗവർണർ

ശബരിമല പ്രക്ഷോഭകാലത്ത് ഉൾപ്പടെ ബിജെപിയുടെ പ്രവർത്തനങ്ങളെ മുന്നിൽനിന്ന് നയിച്ച വ്യക്തിയാണ് സുരേന്ദ്രൻ. അതുകൊണ്ട് തന്നെയാണ് ലോക്‌സഭ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലും ബിജെപി സുരേന്ദ്രന് സീറ്റ് നൽകിയതും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് 89 വോട്ടിന് പരാജയപ്പെട്ട കെ.സുരേന്ദ്രൻ ലോക്‌സഭ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലും നിയമസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ കോന്നിയിലും ബിജെപിയുടെ വോട്ട് വർധിപ്പിച്ചിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kummanam rajasekharan about new bjp president