തിരുവനനന്തപുരം: മിസോറാം ഗവര്‍ണറായി തന്നെ നിയമിച്ചത് തന്നെ അറിയിച്ചിട്ടല്ലെന്ന് കുമ്മനം രാജശേഖരന്‍. നിയമനത്തെ കുറിച്ച് ഒന്നും അറിയില്ലെന്നും എന്നാല്‍ പദവി താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. താന്‍ പദവി ആഗ്രഹിച്ചിരുന്നില്ലെന്നും ആരോടും ആവശ്യപെട്ടിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഔദ്യോഗികമായി വിവരം ലഭിച്ച ശേഷം പ്രതികരിക്കാമെന്നും കുമ്മനം രാജശേഖരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

നിലവിലെ ഗവര്‍ണര്‍ ലഫ്റ്റനന്റ് നിര്‍ഭയ് ശര്‍മ ഈ മാസം 28ന് സ്ഥാനമൊഴിയുന്ന ഒഴിവിലാണ് കുമ്മനം രാജശേഖരനെ ഗവര്‍ണറായി നിയമിച്ചത്. ഇതുസംബന്ധിച്ച് രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി.

ഹിന്ദു ഐക്യവേദി, ആര്‍എസ്എസ് സംഘടനകളിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച കുമ്മനം രാജശേഖരന്‍ ഹിന്ദു മുന്നണി സ്ഥാനാര്‍ഥിയായും ബിജെപി സ്ഥാനാര്‍ഥിയായും തിരഞ്ഞെടുപ്പുകളില്‍ മൽസരിച്ചിട്ടുണ്ട്. വി.മുരളീധരന്‍ കാലാവധി കഴിഞ്ഞ് ഒഴിഞ്ഞതിന് ശേഷമാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് ആയി കുമ്മനം സ്ഥാനമേല്‍ക്കുന്നത്. 2015 ഡിസംബറിലാണ് സംസ്ഥാന പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്.

പല തവണയും ഗവര്‍ണര്‍, കേന്ദ്രമന്ത്രി തുടങ്ങിയ ഇടങ്ങളിലേക്ക് കുമ്മനത്തിന്റെ പേരുള്ളതായ് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. കേരളത്തില്‍ നിന്നും ബിജെപി ദേശീയ തലത്തില്‍ സ്ഥാനം ലഭിക്കുന്ന നാലാമത്തെ വ്യക്തിയാണ് കുമ്മനം രാജശേഖരന്‍. ആദ്യം രാജ്യസഭയിലേക്ക് സുരേഷ് ഗോപിയേയും പിന്നീട് അല്‍ഫോണ്‍സ് കണ്ണന്താനത്തെ കേന്ദ്രമന്ത്രിയായും വി.മുരളീധരനെ രാജ്യസഭയിലേക്കും പരിഗണിച്ച ശേഷമാണ് കുമ്മനത്തിന് നറുക്ക് വീഴുന്നത്.

ബിജെപി സംസ്ഥാന നേതൃത്വത്തില്‍ ഒരു അഴിച്ചുപണി തന്നെയാണ് ഇതുവഴി ബിജെപി ദേശീയ നേതൃത്വം ലക്ഷ്യമിടുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ