കോട്ടയം: പരസ്യമായി ജനമധ്യത്തില്‍വെച്ച് ദേവസ്വം മന്ത്രി കടകംമ്പള്ളി സുരേന്ദ്രന്‍ ആഹ്‌ളാദപൂര്‍വ്വം ബീഫ് കഴിച്ച സംഭവം എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ദേവസ്വം മന്ത്രിക്ക് ജീവകാരുണികരായ ക്ഷേത്ര വിശ്വാസികളുടെ വികാരങ്ങള്‍ സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പരസ്യമായി വ്രണപ്പെടുത്തിയത് അക്ഷന്തവ്യമായ അപരാധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ബീഫ് എന്നാല്‍ പശുവിന്റെയും കാളയുടെയും ഇറച്ചിയാണ്. ദേവസ്വംബോര്‍ഡിലേത് ഉള്‍പ്പെടെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ഗോപൂജ നടക്കാറുണ്ട്. ഗോമാതാ സങ്കല്‍പം ഒരുപക്ഷേ കമ്മ്യൂണിസിറ്റ്കാരനായ ദേവസ്വം മന്ത്രിക്ക് അംഗീകരിക്കാനാവില്ലെന്നത് സ്വാഭാവികം മാത്രം. പക്ഷേ കാളയെ ശിവവാഹനമായി കരുതുന്നവരും പശുവിനെ അമ്മയായി ആരാധിക്കുന്നവരും ക്ഷേത്രവിശ്വാസികളായിരിക്കെ അവരുടെ വികാരങ്ങളെ പരസ്യമായി ധ്വംസിക്കുന്നതും കുത്തിനോവിക്കുന്നതും ക്ഷേത്രവിശ്വാസം സംരക്ഷിക്കാന്‍ ബാധ്യസ്ഥനായ ദേവസ്വം മന്ത്രിക്ക് ഭൂഷണമാണോയെന്നും കുമ്മനം ചോദിച്ചു.

“ബീഫും, പോർക്കും മന്ത്രിക്ക് ഇഷ്ടപ്പെട്ട ആഹാരമായിരിക്കാം. അത് അദ്ദേഹത്തിന്റെ സ്വകാര്യ അവകാശമാണ്. പക്ഷേ പശുവിറച്ചിയും, കാളയിറച്ചിയും, പന്നിയിറച്ചിയും സ്വന്തം ഇഷ്ടപ്രകാരം പരസ്യമായി കഴിക്കുമ്പോൾ അത് വിശ്വാസികളിൽ ഉണ്ടാക്കുന്ന പ്രത്യാഘാതം കൂടി മന്ത്രി കണക്കിലെടുക്കണം.ദേവസ്വം മന്ത്രിപദം വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ പ്രകടിപ്പിക്കാനുള്ളതല്ല, മറിച്ച് പൊതുജന സമൂഹത്തിന്റെ വികാര വിശ്വാസങ്ങളെ മാനിക്കാനുള്ളതാണ്. ലക്ഷോപലക്ഷം വരുന്ന ഭക്തജനങ്ങളോടുള്ള കടപ്പാട് മന്ത്രി മറക്കരുത്. ബീഫും, പോർക്കും രാഷ്ട്രീയ പ്രചരണായുധമായി പ്രദർശിപ്പിക്കാനുള്ളതല്ല എന്ന് മന്ത്രി ഓർക്കുന്നത് നല്ലതെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ