ആറന്മുള: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകനെതിരായ സാമ്പത്തിക തട്ടിപ്പിനെപ്പറ്റി എൻഫോഴ്സ്മെന്‍റ് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്ര് കുമ്മനം രാജശേഖരൻ.

ആറന്മുളയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത് അതീവ ഗുരുതരമായ വിഷയമാണ്. സിപിഎം കേന്ദ്ര നേതൃത്വത്തിലുള്ള വിഭാഗീയതയുടെ ഭാഗമായാണ് വാർത്ത പുറത്തു വന്നത്. എന്നാൽ ഇതിന് മുൻപ് തന്നെ കോടിയേരിക്ക് ഇതേപ്പറ്റി അറിവുണ്ടായിരുന്നുവെന്ന് കുമ്മനം രാജശേഖരൻ ആരോപിച്ചു.

മകന്‍റെ തട്ടിപ്പിനെപ്പറ്റി അറിവുണ്ടായിട്ടും അതിന് കൂട്ടുനിൽക്കുകയാണ് കോടിയേരി ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതിനാൽ സംസ്ഥാന സർക്കാർ കേസെടുത്ത് അന്വേഷിക്കണമെന്ന് കുമ്മനം ആവശ്യപ്പെട്ടു.

കേരളം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ മകൻ ഇന്‍റർ പോൾ അന്വേഷിക്കുന്ന കേസിലെ പ്രതിയാണെന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മാത്രമല്ല രാജ്യത്തിന് തന്നെ നാണക്കേടാണെന്ന് അദ്ദേഹം പരിഹസിച്ചു.

കോടിയേരിയുടെ കുടുംബത്തിന്‍റെ സാമ്പത്തിക സ്രോതസ്സിനെപ്പറ്റി എൻഫോഴ്സ്മെന്‍റ് അന്വേഷിക്കണം. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്രത്തിന് കത്ത് നൽകുമെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിക്കെതിരായ പരാതി കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് ബി ജെ പി ദേശീയ സമിതിയംഗം വി. മുരളീധരൻ ആവശ്യപ്പെട്ടു. ഈ തട്ടിപ്പ് ഇടപാടില്‍ വിദേശനാണയ വിനിമയ ചട്ട ലംഘനവും, ഹവാല, കള്ളപ്പണ ഇടപാടുകളും നടന്നിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഈ സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ സി.ബി.ഐ, ആദായനികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നീ കേന്ദ്ര ഏജന്‍സികളാണ് അന്വേഷിക്കേണ്ടതെന്ന് മുരളീധരൻ പറഞ്ഞു.

കോടിയേരിയുടെ കുടുംബത്തിന്റെ ബിസിനസ്സ് പരാതി നൽകിയിരുന്നുവെങ്കിലും തെളിവില്ലെന്നു പറഞ്ഞ് വിജിലന്‍സ് പരാതി നിരസിച്ചത്. ഈ സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സികള്‍ ഇക്കാര്യങ്ങളില്‍ സമഗ്ര അന്വേഷണം നടത്തുകയാണ് വേണ്ടത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പരാതി നൽകിയതെന്ന് മുരളീധരൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ