തൊടുപുഴ: മൂന്നാറിലും പരിസര ഗ്രാമങ്ങളിലുമായി ശല്യക്കാരായി വിലസുന്ന ഒറ്റയാന്‍മാരെ മര്യാദ പഠിപ്പിക്കാനായി കുങ്കി ആനകള്‍ ( ശല്യക്കാരായ ആനകളെ തുരത്താൻ ഉപയോഗിക്കുന്ന പരിശീലനം സിദ്ധിച്ച ആനകൾ)  മൂന്നു ദിവസത്തിനുള്ളില്‍ മൂന്നാറിലെത്തും. വയനാട്ടില്‍ നിന്നു കുങ്കിയാനകളെ കൊണ്ടുവരാന്‍ വനം മന്ത്രിയും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും മൂന്നാര്‍ ഡി എഫ് ഒ യ്ക്ക് അനുമതി നല്‍കിയതോടെയാണ് കുങ്കിയാനകളുടെ സേവനം പ്രയോജനപ്പെടുത്തുന്ന രീതിയിലേക്കു കാര്യങ്ങളെത്തിയത്. ബുധനാഴ്ച കുങ്കിയാനകളെ എത്തിക്കാനാണ് പദ്ധതിയിട്ടതെങ്കിലും മൂന്നാറിലും വയനാട്ടിലും കനത്ത മഴതുടരുന്നതിനാല്‍ ആനകളെ എത്തിക്കുന്നതു വൈകുകയായിരുന്നു.

munnar, wild elephant, wild life

മൂന്നാറിലെ ഗ്രാമങ്ങളെ വിറപ്പിക്കുന്ന ഒറ്റയാന്മാരിൽ ഒന്ന്

കഴിഞ്ഞ ഏതാനും മാസങ്ങളായി ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങുന്ന കാട്ടാനകള്‍ കൃഷി നശിപ്പിക്കുന്നതും ജനങ്ങളെ ആക്രമിക്കുന്നതും നിത്യ സംഭവമായതോടെയാണ് പരിഹാരമാര്‍ഗങ്ങളിലേക്കു വനംവകുപ്പ് കൂടുതല്‍ ശ്രദ്ധചെലുത്തിയത്. മൂന്നാര്‍, അരുവിക്കാട്, കുണ്ടള സാന്‍ഡോസ്, ചിന്നക്കനാല്‍, ആനയിറങ്കല്‍, സിങ്കുകണ്ടം, രാജകുമാരി എന്നിവിടങ്ങളിലാണ് കാട്ടാന ആക്രമണം രൂക്ഷമായിട്ടുള്ളത്. ഈ മാസം 17 ന് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ സിങ്കുകണ്ടം സ്വദേശി സുനില്‍ ജോര്‍ജ് മരണമടഞ്ഞിരുന്നു. ഈ സംഭവത്തോടെയാണ് കാട്ടാന ആക്രമണം തടയാനുള്ള പദ്ധതികള്‍ക്കു വനംവകുപ്പ് വേഗം കൂട്ടിയത്.

മൂന്നാറിലും പരിസര പ്രദേശങ്ങളിലും നിരന്തരമായി ശല്യമുണ്ടാക്കുന്ന ചില്ലിക്കൊമ്പന്‍ എന്ന ഒറ്റയാനെ പിടികൂടി കോടനാട്ടേക്കു മാറ്റാനാണ് ആദ്യം വനംവകുപ്പ് പദ്ധതിയിട്ടത്. ഇതിനായി മൂന്നാര്‍ ഡിഎഫ്ഒ ഉള്‍പ്പെട്ട ആറംഗ ഉന്നതതല വനംവകുപ്പ് സംഘത്തെയും നിയോഗിച്ചിരുന്നു. ഈ സംഘം നല്‍കിയ റിപ്പോര്‍ട്ടില്‍ തുടക്കത്തില്‍ ആനയെ മയക്കുവെടി വച്ച് പിടിക്കുന്നത് ആനയുടെ ജീവനു ഭീഷണിയാകുമെന്നു ചൂണ്ടിക്കാട്ടിയിരുന്നു. ശല്യക്കാരായ കാട്ടാനകളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കുങ്കിയാനകളെ ഉപയോഗിച്ച് ശല്യക്കാരായ കൊമ്പന്‍മാരെ ആദ്യം ജനവാസ കേന്ദ്രങ്ങളില്‍ നിന്നു വിരട്ടി ഓടിക്കും.ഇത്തരത്തില്‍ വിരട്ടി ഓടിക്കുമ്പോള്‍ ആനകള്‍ ജനവാസ കേന്ദ്രങ്ങള്‍ വിട്ടുപോകുമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍. എന്നാല്‍ ഇവ വീണ്ടും തിരികെ എത്തുകയാണങ്കില്‍ അവയെ കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് ഇവയുടെ നീക്കം നിരീക്ഷിക്കാനുമാണ് പദ്ധതി.

ഈ രണ്ടു രീതികള്‍ക്കും ശേഷം വീണ്ടും ജനവാസ കേന്ദ്രത്തില്‍ ശല്യം തുടരുകയാണങ്കില്‍ ആനയെ പിടികൂടി കോടനാടുള്ള ആനപരിശീലന കേന്ദ്രത്തിലേക്കു മാറ്റാനാണ് വനംവകുപ്പ് പദ്ധതിയിടുന്നത്.

wild elephant, munnar, idukki

മാട്ടുപ്പെട്ടിയിലെ പുല്‍മേട്ടില്‍ ഉലാത്തുന്ന കാട്ടാനക്കൂട്ടം

അതേസമയം ജനവാസ കേന്ദ്രങ്ങളിലെത്തുന്ന കാട്ടാനകളെ വിരട്ടി ഓടിക്കുകയോ പിടിച്ചു മാറ്റുകയോ ചെയ്തതുകൊണ്ടു മാത്രം കാട്ടാന ശല്യം ഇല്ലാതാക്കാനാവില്ലെന്നു വവനംവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. ആനകളുടെ ആവാസവ്യവസ്ഥ ഇല്ലാതായതും ആനത്താരകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടതുമാണ് കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങാന്‍ കാരണമെന്നും എച്ച് എന്‍ എല്ലിനു യൂക്കാലി കൃഷിക്കു നല്‍കിയിരിക്കുന്ന മൂന്നാറിലെ 500 ഹെക്ടര്‍ സ്ഥലം ഉള്‍പ്പെടെ വനംവകുപ്പ് ഏറ്റെടുത്ത് ആനകളുടെ ആവാസ വ്യവസ്ഥ പുനസ്ഥാപിക്കണമെന്നും മൂന്നാര്‍ ഡിഎഫ്ഒ നരേന്ദ്ര ബാബു അടുത്തിടെ വനംവകുപ്പിനു പദ്ധതി സമര്‍പ്പിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ