തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്നറിയാന്‍ വയോജനങ്ങളെ തേടി കുടുംബശ്രീ പ്രവര്‍ത്തകരുടെ ഫോണ്‍ വിളി എത്തും. ആദ്യഘട്ടത്തില്‍ 1,20,000 പേരെയാണു വിളിക്കുക. ഇതിനായി 50 പേര്‍ക്ക് ഒരാള്‍ എന്ന നിലയില്‍ സന്നദ്ധ പ്രവര്‍ത്തകരെ ഏര്‍പ്പാടാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ലോക്ക്ഡൗണ്‍ കാലത്ത് വലിയ പ്രതിസന്ധി നേരിടുന്ന ഒരു വിഭാഗം പ്രായമേറിയവര്‍, പ്രത്യേകിച്ച് ഒറ്റയ്ക്കു കഴിയേണ്ടി വരുന്നവരാണെന്നു കണ്ടാണു സംസ്ഥാന സര്‍ക്കാര്‍ നടപടി. സന്നദ്ധപ്രവര്‍ത്തകര്‍ മൂന്നു ദിവസത്തെ ഇടവേളയില്‍ മൂന്നു തവണ വയോജനങ്ങളെ വിളിച്ച് വിവരങ്ങള്‍ ശേഖരിക്കുമെന്നു മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.

ഭക്ഷണവും രോഗാവസ്ഥയും മാനസിക ബുദ്ധിമുട്ടുകളും സംബന്ധിച്ച് പ്രായമാവരില്‍നിന്ന് കുടുംബശ്രീ സന്നദ്ധപ്രവര്‍ത്തകര്‍ വിവരം ശേഖരിക്കും. രോഗാവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരോഗ്യ വകുപ്പിനും ഭക്ഷണവും താമസവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തദ്ദേശഭരണ വകുപ്പിനും കൈമാറി അവശ്യമായ നടപടികള്‍ ഉറപ്പുവരുത്തും. മരുന്നുകള്‍ ആവശ്യമെങ്കില്‍ എത്തിക്കാനും ഇടപെടും.

Read Also: യുവാക്കളിൽ രോഗബാധ നിരക്ക് വർധിക്കുന്നത് ആശങ്കാജനകം; കഴിഞ്ഞ 24 മണിക്കൂറിനിടെ 32 മരണം

പ്രായാധിക്യവും രോഗങ്ങളും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ക്കു പുറമെ ലോക്ക്ഡൗണും കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട വാര്‍ത്തകളുണ്ടാക്കുന്ന ആശങ്കകളും മനഃപ്രയാസവും അവരെ വല്ലാതെ അലട്ടുന്നുണ്ടാകാം. ഈ സാഹചര്യത്തില്‍ വയോജനങ്ങള്‍ക്കു മാനസിക പിന്തുണ നല്‍കാന്‍ അതീവ പ്രാധാന്യം നല്‍കുമെന്നു മുഖ്യമന്ത്രി അറിയിച്ചു.

”അവര്‍ക്കു പറയാനുള്ളതു ക്ഷമയോടെ കേള്‍ക്കുകയും ആശ്വാസം നല്‍കാന്‍ ശ്രമിക്കുകയും ചെയ്യും. അവരുടെ അടിയന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ട നടപടികളും കൈക്കൊള്ളും,” മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.