തിരുവനന്തപുരം: ട്രാൻസ്‌പേഴ്സൺസിനെ ശാക്തീകരിക്കാൻ ഉള്ള സംരഭങ്ങളുമായി കുടുബശ്രീ. ട്രാൻസ്‌പേഴ്സൺസിനായി പ്രത്യേകം അയൽക്കൂട്ടങ്ങളും സംരഭങ്ങളുമായി കുടുംബശ്രീ രംഗത്ത് വന്നു. ഇതുവരെ ട്രാൻസ്‌പേഴ്സൺസിനായി 21 അയൽക്കൂട്ടങ്ങൾ കുടുംബശ്രീയുടെ പിന്തുണയോടെ ആരംഭിച്ചു. ഇരുപത്തിയൊന്ന് അയൽക്കൂട്ടങ്ങളിലായി 274 പേർ​ അംഗങ്ങളായിട്ടുണ്ട്. 18 വയസ്സ് പൂർത്തിയായ ട്രാൻസ്‌പേഴ്സൺസിന് അയൽക്കൂട്ടങ്ങളിൽ അംഗമാകാൻ സാധിക്കും.

പുതിയ അയൽക്കൂട്ടങ്ങൾ ആരംഭിക്കുന്നതിന് കുടുംബശ്രീ പിന്തുണ നൽകുന്നുണ്ട്. ജീവിത മാർഗം കണ്ടെത്താനും സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാനും ട്രാൻസ്‌പേഴ്സൺസിനെ സഹായിക്കാനുളള പദ്ധതികളുടെ ഭാഗമായാണ് കുടുംബശ്രീ ട്രാൻസ്‌പേഴ്സൺസ് അയൽക്കൂട്ടങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനിച്ചിട്ടുളളത്.

ഓരോ ട്രാൻസ്‌പേഴ്സൺസ് അയൽക്കൂട്ടങ്ങൾക്കും കുടംബശ്രീ പതിനായിരം രൂപയുടെ അടിസ്ഥാന ധനസഹായം നൽകും. ഇതിന് പുറമെ കുടുംബശ്രീയുടെ മറ്റ് അയൽക്കൂട്ടങ്ങൾക്ക് ലഭിക്കുന്ന ബാങ്ക് വായ്പ പോലുളള ധനസഹായവും ലഭ്യമാകും.

തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ മൂന്ന് ട്രാൻസ്‌പേഴ്സൺസ് അയൽക്കൂട്ടങ്ങൾ ആരംഭിച്ചു കഴിഞ്ഞു. മറ്റ് ജില്ലകളിലെല്ലാം കൂടി പന്ത്രണ്ടെണ്ണവും പ്രവർത്തനം തുടങ്ങി. ചിപ്സ് നിർമ്മാണം, ജ്യൂസ് വിൽപ്പന കേന്ദ്രം, ആഭരണ നിർമ്മാണം, ജൈവ ഉൽപ്പന്ന വിപണനശാല, നൃത്തവിദ്യാലയം എന്നിങ്ങനെ വൈവിധ്യമാർന്ന സംരഭങ്ങളാണ് ട്രാൻസ്‌പേഴ്സൺസ് അയൽക്കൂട്ടങ്ങൾ ആരംഭിച്ചിട്ടുളളത്.

നേരത്തെ കുടുംബശ്രീ വഴി കൊച്ചി മെട്രോ റെയിലിൽ ട്രാൻസ്‌പേഴ്സൺസിന് താൽക്കാലിക ജോലി ലഭ്യമാക്കിയിരിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ