കൊച്ചി: മെട്രോ സ്റ്റേഷനുകളിൽ തൊഴിലെടുക്കുന്ന സ്ത്രീ തൊഴിലാളികളുടെ വേതനം സംബന്ധിച്ച് വിഷയത്തിൽ കരാർ പുതുക്കാൻ ധാരണയായി. കെഎംആർഎല്ലും കുടുംബശ്രീയും തമ്മിലുളള സാമ്പത്തിക തർക്കം പരിഹരിക്കാൻ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് ധാരണ. കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ മുഹമ്മദ് ഹനീഷ് വിളിച്ചുചേർത്ത യോഗത്തിൽ കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ എസ് ഹരികിഷോർ അടക്കമുളള കുടുംബശ്രീ അധികൃതർ പങ്കെടുത്തു.

ആഴ്ചയിലെ ഒരു അവധിക്ക് വേതനം നൽകുന്ന തീരുമാനം ഉൾപ്പെടുത്തി ധാരണപത്രം വീണ്ടും എഴുതാനാണ് തീരുമാനം. ഇതിന് മുൻകാല പ്രാബല്യം ലഭിക്കും. ഇതോടെ ഈ ഇനത്തിൽ കുടുംബശ്രീ പ്ലാൻഫണ്ടിൽ നിന്ന് നൽകിവന്നിരുന്ന തുക തിരികെ ലഭിക്കും. കുടിശിക അടുത്ത മാസത്തെ വേതനത്തിൽ കുടുംബശ്രീ തൊഴിലാളികൾക്ക് ലഭിക്കും.

അടുത്ത രണ്ടാഴ്ചക്കകം കരാർ തിരുത്തിയെഴുതാനാണ് യോഗത്തിലെ ധാരണ. കുടുംബശ്രീയുടെ തൊഴിലാളികൾ മികച്ച രീതിയിൽ സ്റ്റേഷനുകൾ ശുചിയായി നിലനിർത്തുന്നുണ്ടെന്ന് യോഗം വിലയിരുത്തി. തൊഴിലാളികളുടെ ജോലിയിൽ യോഗം പൂർണ്ണതൃപ്തി രേഖപ്പെടുത്തി.

അതേസമയം ഇഎസ്ഐ/പിഎഫ് ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ കെഎംആർഎൽ തെറ്റായി ഒന്നും  ചെയ്തില്ലെന്ന് എസ് ഹരികിഷോർ പറഞ്ഞു. “ഇഎസ്ഐ-പിഎഫ് തുക ആദ്യം കുടുംബശ്രീ അടയ്ക്കണമെന്നും ഇത് പിന്നീട് കെഎംആർഎൽ നൽകുമെന്നാണ് ധാരണ. 700 തൊഴിലാളികളുടെയും ഇഎസ്ഐ-പിഎഫ് ആനുകൂല്യങ്ങൾ അടച്ചുതീർന്നാൽ ഇത് ലഭ്യമാകും. ഇക്കാര്യത്തിൽ തെറ്റായി ഒന്നും സംഭവിച്ചിട്ടില്ല”, അദ്ദേഹം പറഞ്ഞു.

നിലവിൽ മെട്രോ സ്റ്റേഷനുകളിൽ ജോലി ചെയ്യുന്നവർക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന ഭീതി വേണ്ട. ഇവർക്ക് 26 പ്രവൃത്തി ദിവസത്തിനും നാല് അവധി ദിവസത്തിനും വേതനം ലഭിക്കും. സ്റ്റേഷനുകൾക്ക് പുറമേ മെട്രോയുടെ പൂന്തോട്ടങ്ങൾ പരിപാലിക്കാനുളള അധികചുമതലയും കുടുംബശ്രീക്ക് ഏൽപ്പിച്ചു.

വേതന വിതരണത്തിന് ഉണ്ടാവുന്ന കാലതാമസം ഒഴിവാക്കാൻ ഇനി മുതൽ എല്ലാ ഏഴാം തീയ്യതിയും വേതന ബില്ല് സമർപ്പിക്കാൻ തീരുമാനമായി. ഇതിന്റെ 50 ശതമാനം മുതൽ 70 ശതമാനം വരെയുളള തുക മൂന്ന് ദിവസത്തിനകം അനുവദിക്കും. ബാക്കി തുക കൂടുതൽ പരിശോധനകൾക്ക് ശേഷമേ അനുവദിക്കൂ. ഇത് അതത് മാസം 25ാം തീയതികൾക്കുള്ളിൽ പൂർത്തിയാക്കും.

“അതത് മാസങ്ങളിൽ കൊച്ചി മെട്രോ ആവശ്യപ്പെടുന്നതിന് അനുസരിച്ച് തൊഴിലാളികളെ ലഭ്യമാക്കണമെന്നാണ് കരാർ. മെട്രോ ആവശ്യപ്പെടുന്ന അത്രയും തൊഴിലാളികളെ എല്ലാ മെട്രോ സ്റ്റേഷനുകളിലും വരും ദിവസങ്ങളിലും ലഭ്യമാക്കും. തൊഴിലാളികളുടെ വേതനത്തിൽ കുറവുണ്ടാവില്ല. അതേസമയം വർദ്ധനവുണ്ടാകും”, കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ