കൊച്ചി: കുടിയേറ്റത്തിന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ പേറുന്ന ഇടുക്കിയില്‍ കുടിയേറ്റത്തിന്റെ സ്മാരകം വരുന്നു. ഇടുക്കി ഡാമിനോടനുബന്ധിച്ച് ഡിറ്റിപിസിയുടെ കീഴിലുള്ള ടൂറിസം പദ്ധതിക്കു നീക്കി വച്ചിട്ടുള്ള സ്ഥലത്താണ് അഞ്ചേക്കര്‍ വിസ്തൃതിയില്‍ കുടിയേറ്റ സ്മാരകം ഒരുങ്ങുക. സംസ്ഥാന ടൂറിസം വകുപ്പ് അനുവദിച്ച മൂന്നു കോടി രൂപ ഉപയോഗിച്ചാണ് സ്മാരകം നിർമ്മിക്കുന്നത്.
കുടിയേറ്റ സമര ചരിത്രങ്ങള്‍ക്കു നേതൃത്വം നല്‍കിയ വിവിധ മേഖലയിലെ പ്രമുഖ വ്യക്തികളുടെ പ്രതിമകളും സ്മാരകത്തോടൊപ്പമുണ്ടാകും. ഇടുക്കിയിലേക്കുള്ള കുടിയേറ്റത്തിന് എഴുപതിലധികം വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നാണു കണക്കാക്കുന്നത്. മണ്ണിനോടും മലമ്പനിയോടും വന്യമൃഗങ്ങളോടും പടവെട്ടി ജീവിതം കരുപ്പിടിപ്പിച്ച പഴയ തലമുറയ്ക്കുള്ള ആദരവുകൂടിയാണ് കുടിയേറ്റ സ്മാരകത്തെ കാണുന്നത്.
ഇടുക്കി എംപി ജോയ്സ് ജോര്‍ജ്, കെ.കെ.ജയചന്ദ്രന്‍ എക്സ് എംഎല്‍എ, ഡിറ്റിപിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സി.വി.വര്‍ഗീസ് എന്നിവര്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് സ്മാരകത്തിന് ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ടു നിവേദനം നല്‍കിയിരുന്നു. ഇതുപരിഗണിച്ചാണ് ഇപ്പോള്‍ തുക അനുവദിച്ചിരിക്കുന്നത്.
ഇടുക്കി ജില്ലയിലെ കുടിയേറ്റ ചരിത്രവുമായി ബന്ധപ്പെട്ട പ്രധാന ചരിത്ര സംഭവങ്ങള്‍ സൂചിപ്പിക്കുന്ന എക്സിബിഷന്‍ സെന്റര്‍, കോഫി ഷോപ്പ്, നടപ്പാത, സോളാര്‍ ലൈറ്റിങ് എന്നിവയും കുടിയേറ്റ സ്മാരകം പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നും ഇടുക്കി ജില്ലയിലെ ടൂറിസം വികസനത്തിന് പദ്ധതി കുതിപ്പേകുമെന്നു പ്രതീക്ഷിക്കുന്നതായും ഇടുക്കി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജയന്‍ പി.വിജയന്‍ പറഞ്ഞു. കുടിയേറ്റ സ്മാരകത്തോടനുബന്ധിച്ചുള്ള എക്സിബിഷന്‍ സെന്റര്‍ ഇടുക്കിയുടെ ചരിത്രം വെളിവാക്കുന്നതായിരിക്കും. പുതിയ തലമുറയ്ക്കും ടൂറിസ്റ്റുകള്‍ക്കും ഇടുക്കി ജില്ലയുടെ ഭൂതകാലം മനസ്സിലാക്കാന്‍ സഹായിക്കുന്നതാണ് പദ്ധതി. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലാണ് സ്മാരകത്തിന്റെ നിര്‍വഹണ ഏജന്‍സി.
”ഓഗസ്റ്റിലുണ്ടായ പ്രളയത്തിലും ഉരുള്‍പൊട്ടലിലും ഏറെ നാശനഷ്ടമുണ്ടായ ചെറുതോണിയെ സംബന്ധിച്ചിടത്തോളം പദ്ധതിക്കു ലഭിച്ച അംഗീകാരം ഉണര്‍വ് പകരും. മൂന്നാര്‍, വാഗമണ്‍, രാമക്കല്‍മേട് എന്നീ സ്ഥലങ്ങളിലാണ് ടൂറിസ്റ്റുകള്‍ ഇപ്പോള്‍ കൂടുതലായി എത്തുന്നത്. ഇതോടൊപ്പം ഇടുക്കിയിലും പരിസര പ്രദേശങ്ങളിലുമുള്ള ടൂറിസം സാദ്ധ്യതകള്‍ വികസിപ്പിക്കാനും കുടിയേറ്റ സ്മാരകം പദ്ധതിയിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ,” ജയന്‍ പി.വിജയന്‍ വ്യക്തമാക്കി. ഇതോടൊപ്പം നിലവില്‍ ചെറുതോണിയിലെ ഹില്‍വ്യൂ പാര്‍ക്കിലും ഇടുക്കി പാര്‍ക്കിലും നവീകരണ പരിപാടികള്‍ പുരോഗമിക്കുകയാണ്. ഹില്‍വ്യൂ പാര്‍ക്കില്‍ പിപിപി മോഡലില്‍ അഡ്വഞ്ചര്‍ ടൂറിസം പദ്ധതികള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനം അവസാന ഘട്ടത്തിലാണെന്നും അധികൃതര്‍ പറഞ്ഞു.