തിരുവനന്തപുരം: കൂടംകുളത്ത് രണ്ട് ആണവ നിലയങ്ങള്‍കൂടി സ്ഥാപിക്കാനുള്ള നീക്കം തീര്‍ത്തും അപലപനീയമാണെന്ന് വി.എസ്.അച്യുതാനന്ദന്‍. ഇപ്പോള്‍ത്തന്നെ, സമീപത്തെ മത്സ്യത്തൊഴിലാളികള്‍ ഉപജീവനത്തിന് വഴിമുട്ടി കഷ്ടപ്പെടുകയാണ്. കൂടംകുളത്ത് നിലവിലുള്ള നിലയങ്ങളുടെതന്നെ പ്രവര്‍ത്തനക്കുഴപ്പങ്ങള്‍ ആശങ്കയുയര്‍ത്തുന്നുണ്ട്. സുരക്ഷ സംബന്ധിച്ച് പഠനം നടത്തുകയും ജനങ്ങളുടെ ആശങ്ക അകറ്റുകയും ചെയ്ത ശേഷമേ നിലയത്തിന്റെ പ്രവര്‍ത്തനവുമായി മുന്നോട്ടു പോകാവൂ എന്ന് സിപിഐ-എം ആദ്യം മുതലേ നിലപാടെടുത്തതാണ്. അതൊന്നും പാലിക്കപ്പെടുകയുണ്ടായില്ലെന്ന് വിഎസ് പ്രസ്താവനയിൽ പറഞ്ഞു.
നിലയത്തിലെ ആണവ അവശിഷ്ടങ്ങള്‍ എവിടെ, എങ്ങനെ സംസ്‌കരിക്കുന്നു എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരം ലഭിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ അഞ്ചാമത്തെയും ആറാമത്തെയും റിയാക്ടറുകള്‍ സ്ഥാപിക്കുന്നതിനുള്ള കരാറില്‍ റഷ്യയുമായി ഒപ്പുവെച്ചിട്ടുള്ളത്. ലോക രാഷ്ട്രങ്ങളെല്ലാം ആണവ നിലയങ്ങളില്‍നിന്ന് പിന്‍വാങ്ങുന്ന കാലഘട്ടത്തില്‍ ഇന്ത്യ ഈ കരാറില്‍നിന്ന് പിന്‍വാങ്ങണമെന്ന് വിഎസ് ആവശ്യപ്പെട്ടു.