scorecardresearch
Latest News

കെടിയു താല്‍ക്കാലിക വിസിയായി സിസ തോമസിന് തുടരാം; സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

ഗവര്‍ണറുടെ ഉത്തവരിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് പരിഗണിക്കുന്നത്.

കെടിയു താല്‍ക്കാലിക വിസിയായി സിസ തോമസിന് തുടരാം; സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: സാങ്കേതിക സര്‍വകലാശാല (കെടിയു) താല്‍ക്കാലിക വൈസ് ചാന്‍സലര്‍മാരുടെ നിയമന ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സര്‍വകലാശാലയുടെ വൈസ് ചാന്‍സലറുടെ ചുമതല സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടറായ ഡോ. സിസ തോമസിനു നല്‍കി ചാന്‍സലറായ ഗവര്‍ണര്‍ ഉത്തരവിടുകയായിരുന്നു. ഗവര്‍ണര്‍ ചാന്‍സലറായിരിക്കെ യുജിസി മാനദണ്ഡങ്ങള്‍ക്ക് വിധേയനാണെന്നും കോടതി പറഞ്ഞു.

ചാന്‍സലര്‍ക്ക് താല്‍ക്കാലിക വിസിയെ നിയമിക്കാമെന്ന് കോടതി വ്യക്തമാക്കി. സിസ തോമസിന്റെ യോഗ്യതയില്‍ തര്‍ക്കമില്ല. സ്ഥിരം വിസിയെ ഉടന്‍ നിയമിക്കണമെന്നും കോടതി നിര്‍ദേശിച്ചു. വിദ്യാര്‍ഥികളുടെ ഭാവിയാണ് പ്രധാനം, മൂന്ന് മാസത്തിനുള്ളില്‍ സെലക്ഷന്‍ കമ്മിറ്റി രൂപീകരിക്കണമെന്നും കോടതി പറഞ്ഞു. സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത രണ്ടുപേര്‍ക്കും യോഗ്യതയില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.

യുജിസി ചട്ടപ്രകാരം താല്‍ക്കാലിക നിയമനം പാടില്ലെന്ന് എജി വ്യക്തമാക്കി. സര്‍ക്കാര്‍ ശുപാര്‍ശ വഴി മാത്രമേ നിയമനം പാടുള്ളൂ. സര്‍ക്കാര്‍ പട്ടികയിലെ രണ്ടുപേര്‍ക്കും മതിയായ യോഗ്യത ഇല്ലെന്നും സിസ തോമസിന് മതിയായ യോഗ്യതയുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. ചട്ടങ്ങളില്‍ ആക്ടിങ്ങ്‌ വിസി പദവി ഇല്ലെന്ന് യുജിസി കോടതിയില്‍ ചൂണ്ടിക്കാണിച്ചു. ഒരു ദിവസം ഇരുന്നാലും വിസി ആയി കണക്കാക്കുമെന്ന് യുജിസി കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണറുടെ ഉത്തവരിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് പരിഗണിക്കുന്നത്. വിഷയത്തില്‍ ദൗര്‍ഭാഗ്യകരമായ വിവാദമാണ് നടക്കുന്നതെന്നു കോടതി വാക്കാല്‍ പറഞ്ഞിരുന്നു. ഇത്തരം ഘട്ടങ്ങളില്‍ മറ്റേതെങ്കിലും സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ക്കോ പ്രോ വൈസ് ചാന്‍സലര്‍ക്കോ ചുമതല നല്‍കുകയാണ് പതിവെന്നാണ് സര്‍ക്കാര്‍ വാദം. സിസ തോമസിന്റെ പേര് ആരാണ് ശുപാര്‍ശ ചെയ്തതെന്ന് ഗവര്‍ണറോട് കോടതി പലവട്ടം ആരാഞ്ഞിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചവര്‍ യോഗ്യരല്ലാത്തവര്‍ ആയതിനാല്‍ സ്വന്തം നിലയ്ക്ക് കണ്ടെത്തിയെന്നായിരുന്നു ഗവര്‍ണറുടെ മറുപടി.

ഒരിക്കല്‍ കീര്‍ത്തി നഷ്ടപ്പെട്ടാല്‍ വീണ്ടെടുക്കാന്‍ ബുദ്ധിമുട്ടാണെന്നും പറഞ്ഞു. സുപ്രീം കോടതിയുടെയും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെയും ഉത്തരവുകളുടെയും യുജിസി മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലാണു വൈസ് ചാന്‍സലറുടെ ചുമതല ഡോ. സിസ തോമസിനു നല്‍കിയതെന്നു ചാന്‍സലറുടെ അഭിഭാഷകന്‍ അഡ്വ. എസ്.ഗോപകുമാരന്‍ നായര്‍ വ്യക്തമാക്കി. ചാന്‍സലറുടെ നിയമവിരുദ്ധമായ നടപടി ചോദ്യംചെയ്യാന്‍ വിലക്കില്ലെന്നു സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ കെ.ഗോപാലകൃഷ്ണകുറുപ്പ് വാദിച്ചു.

അതേസമയം, സര്‍വകലാശാലയിലെ താല്‍ക്കാലിക വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തില്‍ ഹൈക്കോടതി വിധി പൂര്‍ണമായി അനുസരിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചിരുന്നു. കോടതിയെ എല്ലാവരും ബഹുമാനിക്കണമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ കോഴിക്കോട് പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Ktu vic appointment high court verdict today