കൊച്ചി: കെടിയു വി സി വി സിയായി സിസ തോമസിനെ നിയമിച്ചത് താത്കാലികമായെന്ന് ഹൈക്കോടതി. സര്‍ക്കാരിന്റെ ശുപാര്‍ശയില്‍ മാത്രമേ ചാന്‍സലറായ ഗവര്‍ണര്‍ക്ക് വിസിയെ നിയമിക്കാനാവൂവെന്നും കോടതി വ്യക്തമാക്കി. ചട്ടപ്രകാരമുളള നടപടികള്‍ പൂര്‍ത്തിയാക്കിയുളള നിയമനമല്ല സിസ തോമസിന്റേത്. പ്രത്യേക സാഹചര്യത്തില്‍ ചാന്‍സലര്‍ നടത്തിയ നിയമനമാണിതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന്റെ അപ്പീലിലാണ് കോടതിയുടെ ഉത്തരവ്. സിസ തോമസിന് തുടരാന്‍ നിക്ഷിപ്തമായ അവകാശങ്ങളില്ല. സര്‍ക്കാരിന് വിസിയെ മാറ്റാം, സിസ തോമസിന്റെ നിയമനം ശരിവച്ചതിനൊപ്പം സ്ഥിരം നിയമനത്തിനായി പുതിയ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് അസ്ഥിരപ്പെടുത്തി. ഗവര്‍ണര്‍ പുതിയ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കണം എന്നായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്.
വിസി നിയമനത്തില്‍ നടപടികള്‍ സ്വീകരിക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍ തന്നെയെന്നും കോടതി വ്യക്തമാക്കി. താത്കാലിക നിയമനമായതിനാലാണ് കോവാറന്റോ പുറപ്പെടുവിക്കാത്തതെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ഗവര്‍ണര്‍ പ്രത്യേക സാഹചര്യത്തില്‍ നടത്തിയ നിയമനമായതിനാലാണ് ഇടപെടാത്തതെന്നും കോടതി പറഞ്ഞു.