കൊച്ചി: കേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ ചാന്‍സലറുടെ പ്രതിനിധി ആവശ്യമില്ലെന്നു ഹൈക്കോടതി. ചാന്‍സലറുടെ പ്രതിനിധിയെ ഉള്‍പ്പെടുത്തി സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു.
സെര്‍ച്ച് കമ്മിറ്റിയില്‍ ചാന്‍സലറുടെ പ്രതിനിധിയെ ഉള്‍പ്പെടുത്താനുള്ള നിര്‍ദേശം യു ജി സി ചട്ടങ്ങള്‍ക്കു വിരുദ്ധമെന്നു ചൂണ്ടിക്കാട്ടിയാണു ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. വി സി നിയമനത്തില്‍ ചാന്‍സലര്‍ക്കു പ്രതിനിധിയെ തീരുമാനിക്കാനാകില്ലെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചു.
യു ജി സി ചട്ടങ്ങള്‍ക്കു വിരുദ്ധമായ ഉത്തരവാണു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചില്‍നിന്ന് ഉണ്ടായതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. നിയമപ്രകാരം, സെര്‍ച്ച് കമ്മിറ്റിയിലേക്കു ചാന്‍സലര്‍ക്കു പ്രതിനിധിയെ നല്‍കാനാകില്ലെന്നു ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സെര്‍ച്ച് കമ്മിറ്റിയില്‍ ചാന്‍സിലറുടെ പ്രതിനിധി ആവശ്യമില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. സേര്‍ച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള അധികാരം സര്‍ക്കാരിനാണെന്ന് യു ജി സി കോടതിയില്‍ വ്യക്തമാക്കി.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടറായ ഡോ. സിസ തോമസിനു വി സിയുടെ ചുമതല നല്‍കി ചാന്‍സലറായ ഗവര്‍ണര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. ഇതു ശരിവച്ചുകൊണ്ടാണു പുതിയ വി സിക്കായി സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്.
സിസ തോമസിനു താല്‍ക്കാലിക വി സിയായി തുടരാമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഡിവിഷന്‍ ബെഞ്ച് വിശദമായ വാദം കേള്‍ക്കും. വിഷയത്തില്‍ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടുള്ള സര്‍ക്കാര്‍ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച ഡിവിഷന്‍ ബെഞ്ച് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടിസ് പുറപ്പെടുവിച്ചു.
ചാന്‍സലര്‍ക്കു താല്‍ക്കാലിക വിസിയെ നിയമിക്കാമെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. സിസ തോമസിന്റെ യോഗ്യതയില്‍ തര്‍ക്കമില്ല. സ്ഥിരം വിസിയെ ഉടന്‍ നിയമിക്കണം. വിദ്യാര്‍ഥികളുടെ ഭാവിയാണ് പ്രധാനം. മൂന്നു മാസത്തിനുള്ളില്‍ സെലക്ഷന്‍ കമ്മിറ്റി രൂപീകരിക്കണം. സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത രണ്ടുപേര്‍ക്കും യോഗ്യതയില്ലെന്നും സിംഗിള്‍ ബെഞ്ച് പറഞ്ഞിരുന്നു.