കൊച്ചി: കേരള സാങ്കേതിക സര്‍വകലാശാല(കെടിയു) സിന്‍ഡിക്കേറ്റ് തീരുമാനം മരവിപ്പിച്ച ഗവര്‍ണറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വൈസ് ചാന്‍സിലര്‍ സിസ തോമസിന് നിയന്ത്രണം ഏര്‍പ്പെടുത്തി സിന്‍ഡിക്കേറ്റ് കൊണ്ടുവന്ന ഭരണ സംവിധാന ഉത്തരവാണ് ഗവര്‍ണര്‍ മരവിപ്പിച്ചത്. ഗവര്‍ണര്‍ നിയമിച്ച വിസിയും സിന്‍ഡിക്കേറ്റും തമ്മിലുള്ള പോര് രൂക്ഷമായ പശ്ചാത്തിലായിരുന്നു ഗവര്‍ണറുടെ ഇടപെടല്‍.
ഗവര്‍ണറുടെ ഉത്തരവ് ചോദ്യം ചെയ്ത് സിന്‍ഡിക്കേറ്റംഗം ഐ.ബി സതീഷ് എംഎല്‍എയാണ് കോടതിയെ സമീപിച്ചത്. ഗവര്‍ണര്‍ – സര്‍ക്കാര്‍ പോരിന്റെ ഭാഗമായാണ് സിന്‍ഡിക്കേറ് വൈസ്ചാന്‍സിലര്‍ സിസ തോമസിന് നിയന്ത്രണം ഏര്‍പ്പെടുത്തി ഭരണസംവിധാനം കൊണ്ടുവന്നത്. സിസ തോമസിനെ വിസിയായി നിയമിച്ച ഗവര്‍ണറുടെ നടപടി ഹൈക്കോടതി ശരിവെച്ചതിന് പിന്നാലെയാണ് സിന്‍ഡിക്കേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് സംവിധാനം ഏര്‍പ്പെടുത്തിയത്.
വൈസ് ചാന്‍സലര്‍ സിസ തോമസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ സിന്‍ഡിക്കേറ്റ് തീരുമാനങ്ങള്‍ സസ്പെന്‍ഡ് ചെയ്തത്. വിസിയെ നിയന്ത്രിക്കാന്‍ പ്രത്യേക സമിതി, ജീവനക്കാരെ മാറ്റിയ വിസിയുടെ നടപടി പരിശോധിക്കാന്‍ മറ്റൊരു സമിതി, ഗവര്‍ണര്‍ക്ക് വിസി അയക്കുന്ന കത്തുകള്‍ സിണ്ടിക്കേറ്റിന് റിപ്പോര്‍ട്ട് ചെയ്യണം എന്നീ തീരുമാനങ്ങളും ഗവര്‍ണര്‍ റദ്ദാക്കിയിരുന്നു. വിസിയുടെ എതിര്‍പ്പോടെ കൈക്കൊണ്ട തീരുമാനങ്ങള്‍ ചട്ടവിരുദ്ധമാണെന്നാണ് രാജ്ഭവന്റെ നിലപാട്. കെടിയു വിസി സിസ തോമസിനെ നിയന്ത്രിക്കാന്‍ ജനുവരി ഒന്നിനും ഫെബ്രുവരി 17നും സിന്‍ഡിക്കേറ്റും ഗവേണിംഗ് ബോഡിയും എടുത്ത തീരുമാനങ്ങളാണ് കെടിയു നിയമത്തിലെ പത്താം വകുപ്പ് പ്രകാരം ചാന്‍സലര്‍ സസ്‌പെന്‍ഡ് ചെയ്തത്.