തിരുവനന്തപുരം: ‘ഇയാള്‍ നമ്മളെ കൊയപ്പത്തിലാക്കും’ എന്ന കെ കെ ശൈലജയെുടെ ആത്മഗതത്തിനു മറുപടിയുമായി കെ ടി ജലീൽ എം എൽ എ. ‘തല പോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല’ എന്നും ‘വിശ്വസിക്കാം 101 ശതമാനം’ എന്നും ജലീൽ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഇന്ന് നിയസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് ജലീല്‍ ഈ വാക്കുകള്‍ കുറിച്ചത്.
‘ഇയാള്‍ നമ്മളെ കൊയപ്പത്തിലാക്കും’ എന്ന നിയമസഭയിലെ കെ കെ ശൈലജയുടെ ആത്മഗതം മൈക്കിലൂടെ പുറത്തുവന്നിരുന്നു. നിയമസഭയില്‍ ഇന്നലെ ലോകായുക്ത ബില്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു ശൈലജയുടെ ആത്മഗതം. ശൈലജ പ്രസംഗം അവസാനിപ്പിച്ച് ഇരിക്കാന്‍ തുടങ്ങുന്നതിനിടെ ജലീല്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റു. ആ സമയത്തായിരുന്നു ശൈലജയുടെ ആത്മഗതം.
മൈക്ക് ഓണായിരിക്കുന്നതു ശ്രദ്ധിക്കാതെയായിരുന്നു ശൈലജയുടെ പരാമര്‍ശം. എന്നആല്‍ പരാമര്‍ശം ജലീലിനെതിരെ അല്ലെന്നായിരുന്നു ശൈലജ പറഞ്ഞത്.
”നിയമസഭയില്‍ ചൊവ്വാഴ്ച ലോകായുക്ത (ഭേദഗതി) ബില്‍ സബ്ജക്ട് കമ്മറ്റിക്ക് അയക്കാനുള്ള പ്രമേയം അവതരിപ്പിച്ചത് ഞാനാണ്. പ്രസംഗത്തിനിടെ ബഹു അംഗം കെ ടി ജലീല്‍ ഒരു ചോദ്യം ഉന്നയിച്ചു. അതിനു വഴങ്ങി സീറ്റില്‍ ഇരിക്കുമ്പോള്‍, പ്രസംഗ സമയം നഷ്ടപ്പെടുമല്ലോ എന്നോര്‍ത്ത് അടുത്തിരുന്ന സജി ചെറിയാനോട് പറഞ്ഞ ഒരു വാചകം തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കപ്പെടുന്നത് ഖേദകരമാണ്. അത് ഡോ. ജലീലിനെതിരാണെന്ന ആക്ഷേപം കഴമ്പില്ലാത്തതും ദുരുപദിഷ്ടവുമാണ്,” എന്നായിരുന്നു ശൈലജ പിന്നീട് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
അതിനിടെ, വിവാദമായ കശ്മീര്‍ പരാമര്‍ശമടങ്ങിയ ഫെയ്‌സ്ബുക്കിന്റെ പേരില്‍ കെ ടി ജലീലിനെതിരെ പൊലീസ് കേസെടുത്തു. പത്തനംതിട്ട കീഴ്വായ്പൂര്‍ പൊലീസാണു കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 ബി വകുപ്പ് (കലാപാഹ്വാനം) പ്രകാരവും ദേശീയ പ്രതീകങ്ങളെ അവഹേളിക്കുന്നതു തടയുന്ന 1971ലെ നിയമത്തിലെ രണ്ടാം വകുപ്പ് പ്രകാരവുമാണ് കേസെടുത്തത്.
ജലീലിനെതിരെ കേസെടുക്കാന്‍ തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ചാവ്വാഴ്ച കീഴ്വായ്പൂര്‍ എസ് എച്ച് ഒയ്ക്കു നിര്‍ദേശം നല്‍കിയിരുന്നു. ജലീലിന്റെ വിവാദ ഫെയ്‌സ്ബു്െക് പോസ്റ്റിനെതിരെ ആര്‍ എസ് എസ് പത്തനംതിട്ട ജില്ലാ പ്രചാര്‍ പ്രമുഖ് അരുണ്‍ മോഹനാണ് കോടതിയെ സമീപിച്ചത്. 12ന് കീഴ്വായ്പൂര്‍ പൊലീസിലും ജില്ലാ പൊലീസ് മേധാവിക്കും ജലീലിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അരുണ്‍ കോടതിയെ സമീപിച്ചത്.
അതേസമയം, വിവാദപരാമര്‍ശങ്ങള്‍ പിന്‍വലിച്ചിട്ടും തന്നെ വിടാന്‍ തല്‍പ്പരകക്ഷികള്‍ തയാറല്ലെന്നും തനിക്കെതിരായ കുരുക്ക് മുറുക്കാൻ തുനിഞ്ഞിറങ്ങി നിരാശരായവരാണ് ഇപ്പോൾ രാജ്യദ്രോഹിയാക്കാൻ രംഗത്തുവന്നിരിക്കുന്നതെന്നും ജലീല്‍ നിയമസഭയില്‍ പറഞ്ഞു.