scorecardresearch

കെ ടി ജലീലിന്റെ പരാതി: സ്വപ്നയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; അന്വേഷണത്തിന് പ്രത്യേക സംഘം

ഷാജി കിരൺ എന്നയാൾ പാലക്കാട്ടെ ഓഫീസിൽ വന്നിരുന്നെന്നും കോടതിയിൽ നൽകിയ മൊഴി കള്ളമാണെന്നു പറഞ്ഞ് ശബ്ദ രേഖ പുറത്തുവിടണമെന്നാവശ്യപ്പെട്ടെന്നും സ്വപ്നയും സരിത്തും നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ പറയുന്നു

Swapna Suresh, KT Jaleel, Gold smuggling case

തിരുവനന്തപുരം/കൊച്ചി: കെ ടി ജലീൽ എം എൽ എ നൽകിയ പരാതിയിൽ അറസ്റ്റ് സാധ്യത ചൂണ്ടിക്കാട്ടി സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷും പി എസ് സരിത്തും നൽകിയ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളി.

സ്വപ്നയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നതു ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്നു കോടതി വിലയിരുത്തി. ഇതുസംബന്ധിച്ച സർക്കാർ വാദം കോടതി കണക്കിലെടുത്തു. സ്വപ്നയ്‌ക്കെതിരെ ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് നിലവിൽ ചുമത്തിയിരിക്കുന്നതെന്നും സരിത്ത് കേസിൽ പ്രതിയല്ലെന്നും അറസ്റ്റ് ഭീതി അനവസരത്തിലുള്ളതാണെന്നും സർക്കാർ വാദിച്ചു.

ഹർജി രാഷ്ട്രീയ പ്രേരിതമാണെന്നും ആരോപണങ്ങൾക്കു പിന്നിൽ സ്വപ്നയും സരിത്തുമാണെന്നു കരുതുന്നില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്നും പൊലീസ് പീഡിപ്പിക്കുന്നുവെന്ന പരാതിയുണ്ടെങ്കിൽ വേറെ ഹർജി ഫയൽ ചെയ്യട്ടേയെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു.

അന്വേഷണവുമായി സഹകരിക്കാമെന്നും അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ടാണു സ്വപ്നയും സരിത്തും കോടതിയെ സമീപിച്ചത്.

അതിനിടെ, മുഖ്യമന്ത്രിയും താനും ഉൾപ്പെടെയുള്ളവർക്കെതിരെ കഴിഞ്ഞ ദിവസം ആരോപണങ്ങൾ ഉന്നയിച്ച സ്വപ്ന സുരേഷിനും പി സി ജോർജിനുമെതിരെ കെ ടി ജലീല്‍ എം എല്‍ എ നല്‍കിയ പരാതി പ്രത്യേക സംഘം അന്വേഷിക്കും. ക്രൈംബ്രാഞ്ച് എ ഡി ജി പിയുടെ നേതൃത്വത്തിലുള്ള സംഘമാണു പരാതി അന്വേഷിക്കുക.

ക്രൈംബ്രാഞ്ച് തിരുവനന്തപുരം എസ് പി എസ് മധുസൂദനന്‍ അന്വേഷണച്ചുമതല വഹിക്കുന്ന സംഘത്തില്‍ കണ്ണൂര്‍ അഡീഷണല്‍ എസ് പി പി പി സദാനന്ദനും 10 അസിസ്റ്റന്റ് കമ്മിഷണര്‍മാരും ഒരു ഇന്‍സ്‌പെക്ടറും ഉണ്ട്. കെ ടി ജലീൽ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്‌റ്റേഷനില്‍ നൽകിയ പരാതിയിലാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Also Read: രാംനാഥ് കോവിന്ദിനു പിന്‍ഗാമി ആരാകും? രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18ന്

കറൻസികടത്തുമായി ബന്ധപ്പെട്ട് സ്വപ്ന മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും കെ.ടി.ജലീലും ഉൾപ്പടെയുള്ളവർക്കെതിരെ കഴിഞ്ഞ ദിവസം മൊഴി നൽകിയതിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നും കലാപമുണ്ടാക്കലാണ് ശ്രമമെന്നും ചൂണ്ടിക്കാട്ടിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.

താൻ കോടതിയിൽ നൽകിയ മൊഴി പിൻവലിപ്പിക്കാൻ ശ്രമമുണ്ടെന്നും ഭീഷണിയുണ്ടെന്നും സ്വപ്ന മുൻകൂർ ജാമ്യ ഹർജിയിൽ പറഞ്ഞിരുന്നു. ബുധനാഴ്ച ഉച്ചക്ക് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമായി അടുത്ത ബന്ധമുള്ള ആളാണെന്ന് പറഞ്ഞ് ഷാജി കിരൺ എന്ന് പേരുള്ള ഒരാൾ പാലക്കാട്ടെ ഓഫീസിൽ വന്നിരുന്നെന്നും കോടതിയിൽ നൽകിയ മൊഴി കള്ളമാണെന്ന് പറഞ്ഞ് ശബ്ദ രേഖ പുറത്തുവിടണമെന്നാവശ്യപ്പെട്ടെന്നും ഹർജിയിൽ പറഞ്ഞു.

കെ.പി.യോഹന്നാൻ്റെ ഗോസ്പെൽ ഓഫ് ഏഷ്യയുടെ ഡയറക്ടർ ആണന്ന് അവകാശപ്പെട്ട ഷാജി കിരൺ താൻ മുഖ്യമന്ത്രിയുടേയും കോടിയേരിയുടേയും അടുത്ത ആളാണന്ന് പറഞ്ഞെന്നും മൊഴി മാറ്റാൻ തയ്യാറായില്ലങ്കിൽ അറസ്റ്റ് ചെയ്ത് ചെയ്ത് ജയിലിൽ അടക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഹർജിയിൽ പറഞ്ഞിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kt jaleels complaint swapna and sarith in high court seeking anticipatory bail