scorecardresearch
Latest News

തെറ്റുചെയ്​തെന്ന്​ നെഞ്ചിൽ കൈവെച്ച്​ ഹൈദരലി തങ്ങൾ പറഞ്ഞാൽ ഞാൻ രാജിവെക്കും: ജലീൽ

കുഞ്ഞാലിക്കുട്ടി സാഹിബിനോടും പറയാനുള്ളത്​ അതുതന്നെയാണ്​. എന്നെ നന്നായി അറിയുന്നവരാണ്​ ലീഗ്​ നേതാക്കൾ. ഈ സംഭവത്തിനുശേഷം തങ്ങളുമായി സംസാരിക്കാൻ അവസരം കിട്ടിയിട്ടില്ല. പേരിലുള്ള മുസ്​ലിം എന്നവാക്കിനോട്​ ലീഗ്​ നീതി പുലർത്തണം

KT Jaleel, ie malayalam

തിരുവനന്തപുരം: മുസ്ലീംലീഗിലുള്ള കാലത്ത് ചെറിയൊരു വീഴ്ചയെങ്കിലും തനിക്ക് ഉണ്ടായോയെന്ന് ലീഗ് അധ്യക്ഷന്‍ പറയണമെന്ന് മന്ത്രി കെടി ജലീല്‍. തന്റെ കൈകള്‍ 101% ശുദ്ധമാണെന്നും താൻ കള്ളത്തരം കാണിക്കുമെന്ന് വിശ്വസിക്കുന്നുണ്ടെന്ന് പാണക്കാട് ഹൈദരലി തങ്ങൾക്ക് നെഞ്ചിൽ കൈവച്ച് പറയാനാകുമോ എന്ന് ജലീൽ വെല്ലുവിളിച്ചു. അങ്ങനെ അദ്ദേഹം ചെയ്താൽ തങ്ങൾ പറയുന്നതെന്തും താൻ ചെയ്തോളാമെന്നും ജലീൽ കൂട്ടിച്ചേർത്തു. കൈരളി ചാനലിന്​ നൽകിയ പ്രത്യേക അഭിമുഖത്തിലാണ്​ ജലീലിന്റെ പ്രതികരണം.

“കുഞ്ഞാലിക്കുട്ടി സാഹിബിനോടും പറയാനുള്ളത്​ അതുതന്നെയാണ്​. എന്നെ നന്നായി അറിയുന്നവരാണ്​ ലീഗ്​ നേതാക്കൾ. ഈ സംഭവത്തിനുശേഷം തങ്ങളുമായി സംസാരിക്കാൻ അവസരം കിട്ടിയിട്ടില്ല. പേരിലുള്ള മുസ്​ലിം എന്നവാക്കിനോട്​ ലീഗ്​ നീതി പുലർത്തണം.

Read More: എന്തിനു രാജിവയ്‌ക്കണം?, എല്ലാം കെട്ടിച്ചമച്ച ആരോപണങ്ങൾ; ജലീലിനു മുഖ്യമന്ത്രിയുടെ പരിപൂർണ പിന്തുണ

ചോദ്യം ചെയ്യലിന്​ ഞാൻ തലയിൽ​ മുണ്ടിട്ട്​ പോയിട്ടില്ല. സ്വകാര്യ വാഹനത്തിലാണ്​ പോയത്​. ഇ.ഡി വളരെ സ്വകാര്യതയോടെയാണ്​​ ചോദ്യം ചെയ്യലിന്​ വിളിച്ചത്​​. അവർ പറഞ്ഞ സമയം അവരുടെ ഓഫിസിൽ പോയി. ഇ.ഡി എല്ലാ വിവരശേഖരണവും പേഴ്​സണൽ ഐ.ഡിയിലാണ്​ നടത്തിയത്​. രഹസ്യസ്വഭാവം ഞാനായിട്ട്​ പൊളിക്കേണ്ട എന്ന്​ കരുതിയാണ്​ മാധ്യമങ്ങളോട്​ പ്രതികരിക്കാതിരുന്നത്​. മാധ്യമങ്ങളുടെ അകമ്പടിയോടെ അത്​ തത്സമയം സംപ്രേഷണം ചെയ്യണമെന്നാണ്​ അവർ കരുതുന്നത്​.

ആടിനെ പട്ടിയാക്കി, പേപ്പട്ടിയാക്കി തല്ലിക്കൊല്ലാനാണ്​ മാധ്യമങ്ങൾ ശ്രമിച്ചത്​. മാധ്യമപ്രവർത്തകർ ഏതൊരു കാര്യത്തിനും മറുപടി വേണമെന്ന്​ പറഞ്ഞ്​ സമീപിക്കുക, അവർ പറഞ്ഞത്​ നമ്മൾ കേൾക്കുക. ആ സമീപനം ശരിയല്ല.

സ്വപ്​ന സുരേഷിനെ വിളിച്ചെ ആരോപണം വന്നപ്പോൾ ഒരുമണിക്കൂറിനുള്ളിൽ ഞാൻ മാധ്യമങ്ങളെ കണ്ടതാണ്​. ഒരു മുടിനാരിഴ പ​ങ്കെങ്കിലും തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കു”മെന്നും കെ.ടി.ജലീൽ കൂട്ടിച്ചേർത്തു.

അതേസമയം, ജലീലിനെതിരെ ഇന്നും പ്രതിഷേധം ശക്തമായി തുടരാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും വിവിധ സംഘടനകൾ ഇന്ന് മാർച്ച് നടത്തും. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സമരങ്ങൾ അക്രമാസക്തമായിരുന്നു. പൊലീസ് ലാത്തിച്ചാർജിൽ പ്രതിഷേധിച്ചുള്ള പ്രകടനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധം കടുക്കുന്നതിനിടെ ജലീലിന് പൂർണ പിന്തുണയുമായി മുഖ്യമന്ത്രി രംഗത്തെത്തി.

ജലീലിനെതിരെ ഒരു കുറ്റവും ആരോപിക്കാനാവില്ലെന്നും ചെയ്യേണ്ട കാര്യങ്ങൾ മാത്രമാണ് അദ്ദേഹം ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിനെതിരെ നിരവധി പരാതികൾ അന്വേഷണ ഏജൻസികൾക്ക് പോയിരുന്നു. ഖുറാനുമായി ബന്ധപ്പെട്ടാണ് പരാതികളുണ്ടായത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kt jaleel to hyderali shihab thangal