മലപ്പുറം: ബുര്‍ഖ നിരോധനത്തില്‍ എംഇഎസിന് മന്ത്രി കെ.ടി.ജലീലിന്റെ പിന്തുണ. മഫ്തയല്ല, നിക്കാബ് ധരിക്കേണ്ട എന്നാണ് എംഇഎസ് പറഞ്ഞതിന്റെ അര്‍ഥമെന്ന് കെ.ടി.ജലീല്‍ പറഞ്ഞു. മുഖം മറച്ചുകാണ്ടുള്ള വസ്ത്രധാരണത്തിനാണ് വിലക്ക്. അല്ലാതെ, മഫ്തയ്ക്കല്ല. മുഖം മറയ്ക്കണമെന്ന് ഇസ്ലാം മതം പറയുന്നില്ല എന്നും കെ.ടി.ജലീല്‍ പറഞ്ഞു. മതസംഘടനകള്‍ തന്നെ ഇത് തിരുത്താന്‍ മുന്‍കൈ എടുക്കണമെന്ന് ജലീല്‍ മലപ്പുറത്ത് പറഞ്ഞു. മുഖപടം മറച്ച് കോളജിലേക്ക് വരരുത് എന്ന് മാത്രമാണ് എംഇഎസ് പറഞ്ഞിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Read More: മുഖം മറച്ചുള്ള വസ്ത്രധാരണം കോളേജുകളില്‍ വേണ്ട: എം.ഇ.എസ് സര്‍ക്കുലര്‍ ചര്‍ച്ചയാകുന്നു
മുഖവും കൈകളും മറയ്ക്കണമെന്ന് ഇസ്ലാം മതവിശ്വാസത്തില്‍ പറയുന്നില്ല. മതം അനുശാസിക്കാത്ത വസ്ത്രധാരണ രീതി തുടരേണ്ടതുണ്ടോ എന്ന് മുസ്ലീം മതസംഘടനകള്‍ തന്നെ ആത്മപരിശോധന നടത്തണം. ഹജ് ചെയ്യുമ്പോഴും നിസ്കരിക്കുമ്പോഴും സ്ത്രീകള്‍ മുഖം മറയ്ക്കാറില്ലെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍, വസ്ത്രധാരണ രീതിയില്‍ ഏതെങ്കിലും ഒരു തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഉദേശിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ സമവായമുണ്ടാക്കാന്‍ മതസംഘടനകള്‍ മുന്‍കൈ എടുക്കണമെന്നും മന്ത്രി പറഞ്ഞു. ബുര്‍ഖ പ്രചരിപ്പിക്കുന്നതില്‍ കച്ചവട തന്ത്രമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read More: അന്യപുരുഷന്മാര് കാണുമെന്നുണ്ടെങ്കില്‍ നിർബന്ധമായും മുഖം മറയ്ക്കണം: എംഇഎസിനെ തള്ളി സമസ്ത
കഴിഞ്ഞ ദിവസമാണ് ബുർഖ ധരിച്ച് വിദ്യാർഥികൾ കോളജിലേക്ക് വരരുതെന്ന് എംഇഎസ് സർക്കുലറിലൂടെ അറിയിച്ചത്. എം.ഇ.എസ് പ്രസിഡന്റ് ഡോ.പി.കെ.ഫസല്‍ ഗഫൂറാണ് വ്യാഴാഴ്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. കേരള ഹൈക്കോടതിയുടെ 2018 ലെ വിധിയുടെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബുര്‍ഖ നിരോധിച്ചുള്ള പുതിയ നിയമമെന്ന് സര്‍ക്കുലറില്‍ പറയുന്നു.
Read More: രാവണന്റെ ലങ്കയില്‍ നിരോധിച്ച ബുര്‍ഖ രാമന്റെ അയോധ്യയിലും നിരോധിക്കണം: ശിവസേന
പാഠ്യ – പാഠ്യേതര മികവിനൊപ്പം വേഷവിധാനങ്ങളിലും തികഞ്ഞ ഔചിത്യം പുലര്‍ത്തണമെന്ന് നിഷ്കര്‍ഷിച്ചു കൊണ്ടുള്ളതാണ് സര്‍ക്കുലര്‍. ക്യാമ്പസുകളിലെ ആശാസ്യമല്ലാത്ത എല്ലാ പ്രവണതകളും നിരുത്സാഹപ്പെടുത്തേണ്ടതുണ്ടെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. പൊതു സമൂഹത്തിന് സ്വീകാര്യമല്ലാത്ത വേഷവിധാനങ്ങള്‍, അത് ആധുനികതയുടെ പേരിലായാലും മതാചാരങ്ങളുടെ പേരിലായാലും അംഗീകരിക്കാന്‍ വയ്യ എന്നാണ് സര്‍ക്കുലറിലെ മുഖ്യ പ്രതിപാദ്യ വിഷയം. ഇക്കാര്യത്തില്‍ സ്ഥാപനമേധാവികളും ലോക്കല്‍ മാനേജുമെന്റ് ഭാരവാഹികളും ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.