തിരുവനന്തപുരം: മതത്തിന്റെ പരിധിക്ക് പുറത്തേക്ക് സ്ത്രീകള്‍ പോകരുതെന്ന് പറഞ്ഞ സമസ്തയ്ക്ക് മറുപടിയുമായി മന്ത്രി കെ.ടി.ജലീല്‍. വനിതാ മതിലില്‍ മുസ്‌ലിം സ്ത്രീകള്‍ പങ്കെടുക്കരുതെന്ന് പറയാന്‍ സമസ്തയ്ക്ക് എന്ത് അര്‍ഹതയെന്നായിരുന്നു ജലീലിന്റെ പ്രതികരണം.

സമസ്തയുടെ നിലപാടിന് പുല്ലുവില മാത്രമാണെന്നും ലീഗ് സ്‌പോണ്‍സേര്‍ഡ് പ്രസ്ഥാനമായി മാറിയ സമസ്തയുടെ വിശ്വാസ്യത നഷ്ടമായെന്നും ജലീല്‍ പറഞ്ഞു. മതസംഘടനകള്‍ രാഷ്ട്രീയം പറയേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ത്രീകളെ പരസ്യമായി പൊതുനിരത്തില്‍ ഇറക്കുന്ന വനിതാമതിലുമായി യോജിപ്പില്ലെന്ന് കേരള ജംഇയ്യത്തുല്‍ ഉലമ യുവജനവിഭാഗം സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കെ.ടി.ജലീല്‍ രംഗത്തെത്തിയിരിക്കുന്നത്. മതത്തിന്റെ പരിധിക്കപ്പുറത്ത് സ്ത്രീകളെ കൊണ്ടുവരുന്നതിനെ അനുകൂലിക്കാനാകില്ലെന്നും അബ്ദുസമദ് പറഞ്ഞിരുന്നു.

സമസ്തയുടെ നിലപാടിനെതിരെ മന്ത്രി എ.സി.മൊയ്തീനും രംഗത്തെത്തിയിരുന്നു. സ്ത്രീകളെ എല്ലാ കാലത്തും അടിമകളാക്കി വയ്ക്കാനാകില്ലെന്നും സ്ത്രീകളുടെ കാര്യങ്ങള്‍ നിശ്ചയിക്കുന്നത് സമസ്ത അല്ലെന്നും മൊയ്തീന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കെ.ടി.ജലീലും രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം, കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സ്ത്രീകളെ അണിനിരത്തുന്ന വനിതാ മതിലിനുളള ഒരുക്കള്‍ പൂര്‍ത്തിയായി. നാല് മണിക്കാണ് വനിതാ മതില്‍. കാസര്‍ഗോഡ് മന്ത്രി കെകെ ഷൈലജ മതിലിന്റെ ആദ്യ കണ്ണിയും തിരുവനന്തപുരത്ത് ബൃന്ദാ കാരാട്ട് അവസാന കണ്ണിയുമായാണ് മതില്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.