തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ അകപ്പെട്ട മന്ത്രി കെ.ടി.ജലീലിനെതിരെ നിയമസഭയ്ക്ക് അകത്ത് പ്രതിപക്ഷ പ്രതിഷേധം. ജലീലിനോടുളള പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. കോഴിക്കോട് സർവ്വകലാശാല ഭേദഗതി ബിൽ അവതരിപ്പിക്കാൻ ജലീൽ എഴുന്നേറ്റപ്പോഴാണ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചത്.

കെ.ടി.ജലീലിന്റെ നിയമസഭയ്ക്ക് അകത്തും പുറത്തുമുളള എല്ലാ പരിപാടികളും ബഹിഷ്കരിക്കാൻ യുഡിഎഫ് നേരത്തെ തീരുമാനിച്ചിരുന്നതാണ്. അതിന്റെ ഭാഗമായാണ് ജലീലിന്റെ നിയമസഭാ നടപടികൾ ബഹിഷ്കരിച്ചത്.

താൻ ഒരു തരത്തിലുളള തെറ്റും ചെയ്തിട്ടില്ലെന്നായിരുന്നു നേരത്തെ ജലീൽ സഭയിൽ പറഞ്ഞിരുന്നു. 12 വർഷമായി സഭയിലുളള ഞാൻ തെറ്റായ ഒന്നും ഇതുവരെ ചെയ്തിട്ടില്ല. പ്രവൃത്തി പരിചയം നോക്കിയാണ് അദീബിനെ നിയമിച്ചത്. തെറ്റ് പറ്റിയെന്ന് തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും. അഴിമതി നടത്തിയെന്ന് തെളിഞ്ഞാൽ രാജിവയ്ക്കാമെന്നും ജലീൽ പറഞ്ഞു.

സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറൽ മാനേജർ സ്ഥാനത്ത് ബന്ധുവായ കെ.ടി.അദീബിനെ നിയമിച്ചതാണ് വിവാദമായത്. ബന്ധുവിനെ നിയമിക്കാൻ മന്ത്രി കെ.ടി.ജലീൽ യോഗ്യതയിൽ മാറ്റം വരുത്തിയെന്നാണ് ആരോപണം. നിയമനം വിവാദമായതോടെ അദീബ് തൽസ്ഥാനത്തുനിന്നും രാജിവച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.