കൊച്ചി: കാലുഷ്യങ്ങള്‍ക്കിടയിലും സമാധാനത്തിന്റെ തുരുത്തായി നിന്നിട്ടുള്ള പ്രദേശങ്ങള്‍ ഉള്‍കൊള്ളുന്ന ജില്ലയാണ് മലപ്പുറമെന്ന് മന്ത്രി കെടി ജലീല്‍. സോഷ്യല്‍ മീഡിയ ഹര്‍ത്താലില്‍ ജില്ലയില്‍ അക്രമങ്ങള്‍ നടന്ന പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

‘ഇവിടെ ജോലി ചെയ്തവരും താമസിച്ചവരുമായ എല്ലാവരും മലപ്പുറത്തുകാരെക്കുറിച്ച് നല്ലതു മാത്രമേ പറയൂ . രണ്ട് ദിവസം മുമ്പ് നടന്ന , ആള്‍ക്കൂട്ടം നേതൃത്വമേറ്റെടുത്ത ‘വാട്സ് അപ്പ് ഹര്‍ത്താല്‍ ‘ താനൂരില്‍ മാന്യതയുടെ സര്‍വ്വ അതിര്‍വരമ്പുകളും വിട്ട് ഒരു പറ്റം സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടമായി മാറിയത് മലപ്പുറത്തിന്റെ നെറ്റിയില്‍ തീര്‍ത്ത കാളിമ മാറാന്‍ നല്ല ഇടപെടലുകള്‍ തന്നെ വേണം’, എന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സര്‍ക്കാറിന്റെ പ്രതിനിധിയായി ഇന്ന് രാവിലെ പത്തരമണിക്ക് സ്ഥലം എംഎല്‍എ വി. അബ്ദുറഹിമാന്റെ കൂടെ ജില്ലാ കളക്ടര്‍ക്കും പോലീസ് സൂപ്രണ്ടിനുമൊപ്പം താനൂരിലെ തകര്‍ക്കപ്പെട്ട വ്യാപാര സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചെന്നും മന്ത്രി അറിയിച്ചു.

ഏതു പ്രദേശത്താണെങ്കിലും അവിടുത്തെ ഭൂരിപക്ഷ സമുദായത്തിന്റെ ഉത്തരവാദിത്തമാണ് സഹോദര സമുദായക്കാരുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്തുകയെന്നത് . മലപ്പുറത്ത് ഭൂരിപക്ഷ സമുദായം മുസ്ലിങ്ങളാണ് . ഇവിടെ ഹൈന്ദവര്‍ ന്യൂനപക്ഷമാണ് . മുസ്ലിങ്ങളെന്ന് പറയപ്പെടുന്ന ഏതാനും വിവരദോശികള്‍ നടത്തിയ തെമ്മാടിത്തത്തിന്റെ പേരില്‍ നാട്ടിലെ സൗഹാര്‍ദ്ദം തകര്‍ന്ന് കൂട.രാജ്യത്തിന് തന്നെ മാതൃകയാകുന്ന ഒരു കര്‍മ്മപദ്ധതി കൂടെയുണ്ടായിരുന്നവരുമായി ആലോചിച്ച് കണ്ടെത്തി . അക്രമികള്‍ തകര്‍ത്ത മൂന്ന് സ്ഥാപനങ്ങളും പൂര്‍വ്വസ്ഥിതിയിലാക്കാന്‍ സര്‍ക്കാര്‍ സഹായം കാത്ത് നില്‍ക്കാതെ തന്നെ ‘ജനകീയ നിധി’ രൂപീകരിക്കാന്‍ തീരുമാനിച്ചെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കാലുഷ്യങ്ങള്‍ക്കിടയിലും സമാധാനത്തിന്റെ തുരുത്തായി നിന്നിട്ടുള്ള പ്രദേശങ്ങള്‍ ഉള്‍കൊള്ളുന്ന ജില്ലയാണ് മലപ്പുറം . ഇവിടെ ജോലി ചെയ്തവരും താമസിച്ചവരുമായ എല്ലാവരും മലപ്പുറത്തുകാരെക്കുറിച്ച് നല്ലതു മാത്രമേ പറയൂ . രണ്ട് ദിവസം മുമ്പ് നടന്ന , ആള്‍ക്കൂട്ടം നേതൃത്വമേറ്റെടുത്ത ‘വാട്സ് അപ്പ് ഹര്‍ത്താല്‍ ‘ താനൂരില്‍ മാന്യതയുടെ സര്‍വ്വ അതിര്‍വരമ്പുകളും വിട്ട് ഒരു പറ്റം സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടമായി മാറിയത് മലപ്പുറത്തിന്റെ നെറ്റിയില്‍ തീര്‍ത്ത കാളിമ മാറാന്‍ നല്ല ഇടപെടലുകള്‍ തന്നെ വേണം .

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സര്‍ക്കാറിന്റെ പ്രതിനിധിയായി ഇന്ന് രാവിലെ പത്തരമണിക്ക് സ്ഥലം MLA വി. അബ്ദുറഹിമാന്റെ കൂടെ ജില്ലാ കളക്ടര്‍ക്കും പോലീസ് സൂപ്രണ്ടിനുമൊപ്പം താനൂരിലെ തകര്‍ക്കപ്പെട്ട വ്യാപാര സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ നല്ല ജനക്കൂട്ടമുണ്ടായിരുന്നു . ആദ്യം ഞങ്ങള്‍ പോയത് കാട്ടിങ്ങല്‍ ചന്ദ്രേട്ടന്റെ പടക്ക കടയിലേക്കാണ് . വിഷുവിന് വില്‍ക്കാന്‍ വെച്ച പടക്കം മുഴുവന്‍ കട തകര്‍ത്ത് അകത്ത് കയറിയ ഹര്‍ത്താല്‍ അനുകൂലികള്‍ റോഡിലേക്കിട്ട് പൊട്ടിച്ച് നശിപ്പിച്ചത് ചുറ്റുപാടുകള്‍ വീക്ഷിച്ചാല്‍ ആര്‍ക്കും ബോദ്ധ്യമാകും . ടൗണിന്റെ സെന്‍ട്രലില്‍ സ്ഥിതി ചെയ്യുന്ന സ്റ്റേഷനറി ക്കടയിലെത്തിയപ്പോള്‍ ഉടമസ്ഥന്‍ വിയ്യാംവീട്ടില്‍ ചന്ദ്രന്‍ വാതില്‍ക്കല്‍ നിന്ന് നിറചിരിയോടെ ഞങ്ങളെ സ്വീകരിച്ചു . സ്ഥാപനം കുത്തിത്തുറന്ന് സോഡാ കുപ്പികള്‍ ഹര്‍ത്താലുകാര്‍ തല്ലിപ്പൊട്ടിച്ചതായും ക്യാഷ് കൗണ്ടറില്‍ നിന്ന് പണം എടുത്ത് കൊണ്ട് പോയതായും അദ്ദേഹം പറഞ്ഞു . പിന്നെ പോയത് ക്രിമിനലുകള്‍ പൂര്‍ണ്ണമായും തകര്‍ത്ത കെ.ആര്‍ ബേക്കറിയിലേക്കാണ് . എന്റെ അഭ്യര്‍ത്ഥന മാനിച്ച് KR ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ബാലേട്ടന്‍ നേരത്തെ തന്നെ സ്ഥാപനത്തില്‍ എത്തിയിരുന്നു . ബേക്കറിയില്‍ കണ്ട കാഴ്ചകള്‍ ദൗര്‍ഭാഗ്യകരമായിരുന്നു . ബേക്കറി അsച്ചിട്ടിട്ടും പൂട്ട് പൊളിച്ച് അകത്ത് കയറി ഗ്ലാസ്സുകളൊക്കെ തച്ചുടയ്ക്കുകയും ഫര്‍ണിച്ചറുകളെല്ലാം തല്ലിത്തകര്‍ക്കുകയും
ഭക്ഷ്യവസ്തുക്കള്‍ പുറത്തേക്ക് വലിച്ചിട്ട് നശിപ്പിക്കുകയും ചെയ്ത സംഭവം ആരിലും മനപ്രയാസമുണ്ടാക്കും . താനൂരിലെ ഷോപ്പ് വേണ്ടെന്ന് വെക്കാന്‍ തീരുമാനിച്ച KR ഗ്രൂപ്പിനോട് കടുത്ത നടപടിയിലേക്ക് പോകരുതെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിച്ചു .

ഏതു പ്രദേശത്താണെങ്കിലും അവിടുത്തെ ഭൂരിപക്ഷ സമുദായത്തിന്റെ ഉത്തരവാദിത്തമാണ് സഹോദര സമുദായക്കാരുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്തുകയെന്നത് . മലപ്പുറത്ത് ഭൂരിപക്ഷ സമുദായം മുസ്ലിങ്ങളാണ് . ഇവിടെ ഹൈന്ദവര്‍ ന്യൂനപക്ഷമാണ് . മുസ്ലിങ്ങളെന്ന് പറയപ്പെടുന്ന ഏതാനും വിവരദോഷികള്‍ നടത്തിയ തെമ്മാടിത്തത്തിന്റെ പേരില്‍ നാട്ടിലെ സൗഹാര്‍ദ്ദം തകര്‍ന്ന് കൂട . രാജ്യത്തിന് തന്നെ മാതൃകയാകുന്ന ഒരു കര്‍മ്മപദ്ധതി കൂടെയുണ്ടായിരുന്നവരുമായി ആലോചിച്ച് കണ്ടെത്തി . ഈ മൂന്ന് സ്ഥാപനങ്ങളും പൂര്‍വ്വസ്ഥിതിയിലാക്കാന്‍ സര്‍ക്കാര്‍ സഹായം കാത്ത് നില്‍ക്കാതെ തന്നെ ഒരു ‘ജനകീയ നിധി’ രൂപീകരിക്കാനാണ് തീരുമാനമായത് . ആദ്യ സംഭാവനയായി 25000 രൂപ ഈയുള്ളവന്‍ തന്നെ നല്‍കി . MLA അബ്ദുറഹ്മാന്‍ ഒരുലക്ഷം നല്‍കാമെന്നേറ്റു . അവിടന്നുതന്നെ കിട്ടാവുന്നവരെ ബന്ധപ്പെട്ടു . അഞ്ച് മിനുട്ടിനുള്ളില്‍ താഴേ പറയും പ്രകാരം പണം പിരിഞ്ഞ് കിട്ടി .
1. അക്ബര്‍ ട്രാവല്‍സ് MD , നാസര്‍ക്ക : 50000 ,
2 . ലില്ലി ഗഫൂര്‍ : 25000 ,
3 . കൈനിക്കര ആഷിക്ക് : 25000 ,
4 . ലില്ലി ജംഷീദ് : 25000 ,
5 . കള്ളിയത്ത് അന്‍വര്‍ : 25000 ,
6 . സി.കെ. ഉസ്മാന്‍ ഹാജി : 25000 ,
7 . INL പ്രസിഡണ്ട് , പ്രൊഫ: വഹാബ് : 25000 ,
8 . VP ലത്തീഫ് കുറ്റിപ്പുറം : 25000 ,
9 . പാട്ടത്തില്‍ സലീം : 25000 ,
10 . MES ഭാരവാഹി ഡോ. NM മുജീബ് റഹ്മാന്‍ :25000 ,
11 . കെ.കെ. ഹനീഫ (ദേരാ ട്രാവല്‍സ് ): 25000 ,
12 . ടി.വി. സിദ്ദീഖ് (ഫോറം ഗ്രൂപ്പ് ) : 25000 ,
13 . ടി.വി. ത്വല്‍ഹത്ത് ( ഫോറം ഗ്രൂപ്പ് ): 25000 ,
14 . പി.എ. ലത്തീഫ് മാന്തടം : 25000 ,
15 . സഫ ഷാജി എടപ്പാള്‍ : 25000 ,
16 . തെയ്യമ്പാട്ടില്‍ ഷറഫു : 25000 ,
17 . മയൂര ജലീല്‍ : 25000 ,
18 . തെയ്യമ്പാട്ടില്‍ സുബൈര്‍ : 25000 ,
19 . Home Sted MD ലത്തീഫ് കൈനിക്കര : 25000 . വിവരമറിഞ്ഞ് ഇനിയും കാശ് ആവശ്യമെങ്കില്‍ നല്‍കാന്‍ നിരവധി പേര്‍ സന്നദ്ധത അറിയിക്കുകയും ചെയ്തു .
നാളെത്തന്നെ MLA യുടെ നേതൃത്വത്തില്‍ പണികള്‍ തുടങ്ങും .

സാമൂഹ്യ ദ്രോഹികള്‍ ചെയ്ത തനി തോന്നിവാസത്തിന് ബാലേട്ടനോടും രണ്ട് ചന്ദ്രേട്ടന്‍മാരോടും കൈകൂപ്പി മാപ്പിരന്നാണ് താനൂരില്‍ നിന്ന് യാത്രയായത് . രണ്ട് പക്ഷത്തുള്ള വര്‍ഗ്ഗീയ ഭ്രാന്തന്‍മാരോടും അടങ്ങാത്ത അമര്‍ഷം അവിടെക്കൂടിയ ഓരോരുത്തരുടെ മുഖത്തും നിഴലിച്ച് നിന്നത് മനസ്സില്‍ ഒരു സമാശ്വാസമായാണ് അനുഭവപ്പെട്ടത് . കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും . ആള്‍ക്കൂട്ടങ്ങള്‍ തെരുവുകള്‍ കയ്യടക്കിയാല്‍ അരാജകത്വം നടമാടും . കേരളത്തെ ഗുജറാത്താക്കാനല്ല , മറിച്ച് ഗുജറാത്തിനെ കേരളമാക്കാനാണ് നാം ഐക്യപ്പെടേണ്ടത് . വിവിധ ജനവിഭാഗങ്ങള്‍ തമ്മിലുള്ള സ്‌നേഹം തകര്‍ക്കാന്‍ എളുപ്പമാണ് . വീണുടഞ്ഞ മൈത്രി പുനസൃഷ്ടിച്ചെടുക്കല്‍ ഏറെ ക്ലേശകരവുമാണ് .

മേല്‍സൂചിപ്പിച്ച ഇടപെടലുകള്‍ക്ക് പുറമെ സമാന കേസുകളില്‍ സര്‍ക്കാര്‍ സാധാരണ നല്‍കാറുള്ള സഹായം ബന്ധപ്പെട്ടവര്‍ക്ക് പരമാവധി ലഭ്യമാക്കാനും പ്രത്യേകം ശ്രദ്ധിക്കും. CPM ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളായ VP സക്കറിയ , VP അനില്‍, ഇ. ജയന്‍ ജില്ലാ കമ്മിറ്റി അംഗമായ ബഷീര്‍ കൂട്ടായി എന്നിവരും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു..

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ