തിരുവനന്തപുരം: എആർ നഗർ ബാങ്ക് കള്ളപ്പണക്കേസുമായി താൻ എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റിന് (ഇഡി) മുന്നിൽ സ്വയം സന്നദ്ധനായി മൊഴി നൽകിയെന്ന ചാനൽ വാർത്തയിൽ പ്രതികരണവുമായി കെടി ജലീൽ എംഎൽഎ. വാർത്തയിൽ പറയുന്ന വിവരങ്ങൾ ഇഡി പറഞ്ഞതാവാൻ ഒരു സാധ്യതയുമില്ലെന്ന് ജലീൽ പറഞ്ഞു.”ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട് നടന്ന കള്ളപ്പണ ഇടപാട് ഉൾപ്പെടെ ഏഴ് കാര്യങ്ങളിലുള്ള രേഖകളും വിവരങ്ങളും കഴിയുന്നിടത്തോളം ഹാജരാക്കാൻ മൊഴിയെടുപ്പിനൊടുവിൽ ഇഡി നിർദ്ദേശിച്ചിട്ടുണ്ട്,” എന്നും ജലീൽ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
എആർ നഗർ ബാങ്കിലെ കള്ളപ്പണ ഇടപാടിൻ്റെ കാര്യം ഇഡിയോട് സൂചിപ്പിച്ചിട്ടേയില്ലെന്നും ജലീൽ പറഞ്ഞു. അതുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങളെ അറിയിക്കാൻ തിങ്കളാഴ്ച ഉച്ചക്ക് ശേഷം മാധ്യമങ്ങളെ കാണുന്നുണ്ടെന്ന് പറഞ്ഞ ജലീൽ “എആർ നഗർ പൂരം വരാനിരിക്കുന്നതേയുള്ളൂ,” എന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
“ഒരു സ്വകാര്യ വാർത്താ ചാനൽ, ഞാൻ സ്വയം സന്നദ്ധനായി ചെന്ന് ഇഡി ക്ക് മൊഴി കൊടുത്തതാണെന്ന് സംപ്രേക്ഷണം ചെയ്തതായി കണ്ടു. അത് ഇഡി പറഞ്ഞതാകാൻ ഒരിക്കലും തരമില്ല. ഇഡി എനിക്കയച്ച സമൻസ് ഇതോടൊപ്പം ഇമേജായി ചേർക്കുന്നു,” ജലീൽ കുറിച്ചു.

“‘ചന്ദ്രിക’ പത്രവുമായി ബന്ധപ്പെട്ട് നടന്ന കള്ളപ്പണ ഇടപാട് സംബന്ധിച്ചും ചന്ദ്രികയുടെ എക്കൗണ്ടിൽ നിന്ന് 4.5 കോടി ചെലവിട്ട് ഹൈദരലി തങ്ങളുടെ പേരിലും ലീഗ് നേതാവിൻ്റെ മകൻ ആഷിഖിൻ്റെ പേരിലും വാങ്ങിയ സ്ഥലത്തിൻ്റെ രേഖകളും പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മകൻ ആഷിഖിൻ്റെ പേരിൽ സ്വദേശത്തും വിദേശത്തുമുള്ള നിക്ഷേപങ്ങളെ സംബന്ധിക്കുന്ന വിവരങ്ങളും ഉൾപ്പടെ ഏഴ് കാര്യങ്ങളിലുള്ള രേഖകളും വിവരങ്ങളും കഴിയുന്നിടത്തോളം ഹാജരാക്കാൻ മൊഴിയെടുപ്പിനൊടുവിൽ ഇഡി നിർദ്ദേശിച്ചിട്ടുണ്ട്.”
“എൻ്റെ സൗകര്യപ്രകാരം 9.9.2021 ന് വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് അവ നൽകാമെന്നാണ് ഏറ്റിരിക്കുന്നത്. വിവര ശേഖരണത്തിൻ്റെ തിരക്കിലാണിപ്പോൾ,” ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
Read More: കളി തുടരുന്ന കെ സി; കളിയറിയാതെ ഒസിയും ആർ സിയും
“എആർ നഗർ ബാങ്കിലെ കള്ളപ്പണ ഇടപാടിൻ്റെ കാര്യം ഇഡിയോട് സൂചിപ്പിച്ചിട്ടേയില്ല. അതുമായി ബന്ധപ്പെട്ട നൂറ് പേജടങ്ങുന്ന അന്വേഷണ റിപ്പോർട്ടിൻ്റെ കോപ്പി ഇന്നലെയാണ് കയ്യിൽ കിട്ടിയത്. അത് സസൂക്ഷ്മം പഠിച്ചു വരികയാണ്. വിവരങ്ങൾ ജനങ്ങളെ അറിയിക്കാൻ തിങ്കളാഴ്ച ഉച്ചക്ക് ശേഷം മാധ്യമങ്ങളെ കാണുന്നുണ്ട്. വിശദാംശങ്ങൾ അപ്പോൾ പറയാം,” ജലീൽ കുറിച്ചു.
മ”ച്ചാനേ, എആർ നഗർ പൂരം വരാനിരിക്കുന്നതേയുള്ളൂ.”
“ആരെയെങ്കിലും വെളുപ്പിച്ചെടുക്കാമെന്നും പറഞ്ഞ് ഏതെങ്കിലും ചാനലുകളുടെ ഏറണാംകുളം ലേഖകൻമാർ ആരിൽനിന്നെങ്കിലും വല്ലതും അച്ചാരം പറ്റിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുക്കലാകും നല്ലത്. അല്ലെങ്കിൽ മുട്ടിൽ മരംമുറി കേസ് പോലെയാകും,” എന്ന് പറഞ്ഞാണ് ജലീലിന്റെ കുറിപ്പ് അവസാനിക്കുന്നത്.