കൊച്ചി: ചോദ്യം ചെയ്യലിനായി എൻഐഎ വിളിപ്പിച്ചത് മുതൽ ക്യാമറ കണ്ണുകളിൽനിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമങ്ങളിലായിരുന്നു മന്ത്രി കെ.ടി ജലീൽ. ഔദ്യോഗിക വാഹനത്തിന് പകരം സ്വകാര്യ വാഹനത്തിൽ അതിരാവിലെ കൊച്ചിയിലെ എൻഐഎ ഓഫീസിലെത്തിയ ജലീൽ മടങ്ങിയതും നാടകീയമായി.
പുലർച്ചെ ആറോടെയാണ് ജലീൽ എൻഐഎ ഓഫീസിൽ എത്തിയത്. ആലുവ മുൻ എംഎൽഎയും സിപിഎം നേതാവുമായ എ.എം.യൂസഫിന്റെ വാഹനത്തിലാണ് ജലീൽ എത്തിയത്. ബുധനാഴ്‌ച രാത്രി 1.30 യോടെയാണ് ജലീൽ വാഹനം ആവശ്യപ്പെട്ടതെന്ന് യൂസഫ് പറയുന്നു. കളമശേരി റസ്റ്റ് ഹൗസിലേക്ക് പുലർച്ചയോടെ വാഹനം എത്തിക്കാൻ മന്ത്രി ആവശ്യപ്പെടുകയായിരുന്നു. എൻഐഎ ഓഫീസിലേക്ക് പോകാനാണെന്ന് മന്ത്രി അറിയിച്ചിരുന്നതായും യൂസഫ് പറയുന്നു.
മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം തിരിച്ചിറങ്ങിയ മന്ത്രി കയറിയത് ഇതേ വാഹനത്തിലായിരുന്നു. എൻഎഐ ആസ്ഥാനത്തിന്റെ മൂന്ന് കവാടങ്ങളിലും നിലയുറപ്പിച്ചിരുന്ന മാധ്യമപ്രവർത്തകരുടെ മുന്നിലൂടെ പുറത്തേക്കിറങ്ങിയ മന്ത്രിയെ പിന്തുടർന്ന മാധ്യമപ്രവർത്തകരെ പൊലീസ് തടഞ്ഞു. എറണാകുളം ഗസ്റ്റ് ഹൗസിലേക്ക് മന്ത്രി എത്തുമെന്ന സൂചനയെത്തുടർന്ന് ഇവിടെയും പൊലീസിന്റെയും മാധ്യമപ്രവർത്തകരുടെയും വൻ പടയുണ്ടായിരുന്നു.
സൂചന ശരിയാണെന്ന് തെളിയിക്കുന്ന തരത്തിൽ പൊലീസ് അകമ്പടിയോടെ യൂസഫിന്റെ വാഹനം എറണാകുളം ഗസ്റ്റ് ഹൗസിലെത്തി. എന്നാൽ വാഹനത്തിൽ മന്ത്രിയുണ്ടായിരുന്നില്ല. വഴിയിൽ എവിടെയോ വച്ച് മറ്റൊരു സ്വകാര്യ വാഹനത്തിലേക്ക് മാറിയ കെ.ടി ജലീൽ തിരുവനന്തപുരത്തേക്ക് യാത്ര തുടർന്നു.
വഴിയിലുടനീളം പ്രതിഷേധവുമുണ്ടാകാൻ സാധ്യതയുണ്ട് എന്ന കാരണത്താലാണ് ഔദ്യോഗിക വാഹനവും യൂസഫിന്റെ വാഹനവും ഉപേക്ഷിച്ച് മറ്റൊരു വാഹനത്തിലേക്ക് മന്ത്രി മാറിയത്.
രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം കനത്ത പ്രതിഷേധം അരങ്ങേറി. പലയിടങ്ങളിലും പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടി. പാലക്കാട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെയുണ്ടായ ലാത്തിച്ചാർജിൽ വി.ടി.ബൽറാം എംഎൽഎയ്‌ക്ക് പരുക്കേറ്റു